ബംഗളൂരു: എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ഒരു ദിവസം തികയും മുമ്പ് കർണ്ണാടകയിൽ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. കാർഷിക കടങ്ങൾ എഴുതി തള്ളണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് ബി.ജെ.പിയുടെ ഹർത്താൽ.
ദേശസാത്കൃത ബാങ്കുകളിലേതുൾപ്പെടെ 53,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതി തള്ളും എന്ന് എച്ച്.ഡി. കുമാര സ്വാമി വാഗ്ദാനം ചെയ്തതായി ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകം ഈ വിഷയത്തിൽ തീരുമാനം എടുക്കും എന്നാണ് കുമാരസ്വാമി പറഞ്ഞത്. ഈ പ്രഖ്യാപനം ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹർത്താൽ. നിയമസഭയുടെ പ്രത്യേക സെഷനിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
മണിക്കൂറുകൾ മാത്രം അധികാരത്തിലുരുന്ന യെദ്യൂരപ്പ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതി തള്ളും എന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ ഏകപക്ഷീയമായ ഈ നടപടിയ്ക്കെതിരെ കോൺഗ്രസ് നല്കിയ ഹർജി പരിഗണിച്ച കോടതി, നയപരമായ തീരുമാനങ്ങൾ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എടുക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു.