| Thursday, 13th December 2018, 9:42 pm

ആശങ്കകള്‍ക്ക് വിരാമം, ഒടിയന്‍ നാളെ തന്നെ തിയേറ്ററുകളില്‍ എത്തും; ആദ്യ ഷോ പുലര്‍ച്ചേ 4.30 മുതല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആശങ്കകള്‍ക്ക് വിരാമമിട്ട് ഒടിയന്‍ നാളെ തന്നെ തിയേറ്ററുകളില്‍ എത്തും. ഇത് സംബന്ധിച്ച് സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം വന്നു. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

തിയേറ്റര്‍ ഓണേര്‍സും സിനിമയുടെ അണിയറ പ്രവര്‍ത്തകരും കൂടിയാലോചിച്ച ശേഷമാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. നേരത്തെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മുട്ടട സ്വദേശി വേണുഗോപാല്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍.സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് മുന്നിലാണ് ആത്മഹത്യ ശ്രമം നടത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നായിരുന്നു അന്ത്യം. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.

Also Read  ബി.ജെ.പിയുടെ ഹര്‍ത്താല്‍; ഒടിയന്‍ റിലീസ് മാറ്റി വെയ്ക്കുമോ ? മാറ്റി വെച്ചാല്‍ ബി.ജെ.പിയുടെ അവസാനമെന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

എന്നാല്‍ ജീവിതം മടുത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന വേണുഗോപാലിന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. പക്ഷേ ശബരിമല വിഷയത്തില്‍ മനംനൊന്താണ് വേണുഗോപാല്‍ ആത്മഹത്യ ചെയ്തതെന്നാണ് ബി.ജെ.പി പ്രചരണം. തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഇതോടെ നാളെ ലോക വ്യാപകമായി റിലീസ് ചെയ്യാന്‍ ഇരുന്ന ഒടിയന്റെ കേരളത്തിലെ റിലീസ് കാര്യത്തില്‍ ആശങ്കയിലായി. എന്നാല്‍ ഹര്‍ത്താല്‍ ഒന്നും വകവെയ്ക്കില്ലെന്നും നാളെ റിലീസ് എങ്ങാനും മാറ്റി വെയ്‌ക്കേണ്ടി വന്നാല്‍ ബി.ജെ.പിയുടെ അവസാന ഹര്‍ത്താലായിരിക്കുമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലടക്കം പ്രതിഷേധം ശക്തമായിരുന്നു.

ബിജെപി ഹര്‍ത്താലിനെ തുറന്ന് എതിര്‍ത്ത് സിനിമയുടെ രചിതാവ് ഹരികൃഷ്ണനും രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമപ്രേമികള്‍ ഒന്ന് മനസുവെച്ചാല്‍ നാളത്തെ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ പറഞ്ഞിരുന്നു. #Stand_With_Odiyan എന്ന ഹാഷ് ടാഗ് ക്യാംപെയിനും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആരംഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more