| Saturday, 17th November 2018, 6:08 pm

അന്ന് മഹാനവമി, ഇന്ന് വൃശ്ചികം ഒന്ന്; ശബരിമലയെ തകര്‍ക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ടല്ലോ: കടകംപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഈ ഹര്‍ത്താലിലൂടെ തങ്ങളുടെ അജണ്ടയ്ക്ക് മുമ്പില്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും പ്രാധാന്യമുള്ളതല്ലെന്ന് ബി.ജെ.പിയും സംഘപരിവാരവും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹിന്ദു മത വിശ്വാസികള്‍ പവിത്രമായി കാണുന്ന ദിനവുമാണ് വൃശ്ചികം ഒന്ന്. എന്നാല്‍ ഇത്തരമൊരു പരിഗണനയും കൂടാതെ വൃശ്ചികം ഒന്നാം തീയതി പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ് ഹിന്ദു ഐക്യവേദിയും, ബി.ജെ.പിയും ചെയ്തിരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, സംഘടനകളോ ഒന്നും തന്നെ വൃശ്ചികം ഒന്നിന് ഹര്‍ത്താലോ അതുപോലുള്ള പ്രതിഷേധങ്ങളോ സംഘടിപ്പിക്കാറില്ല. ശബരിമല തീര്‍ത്ഥാടന കാലത്ത് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ പത്തനംതിട്ട ജില്ലയെയും ശബരിമല തീര്‍ത്ഥാടകരെയും ഒഴിവാക്കാറുമുണ്ട്. എന്നാല്‍ ഹിന്ദു ഐക്യവേദിയും പിന്തുണയ്ക്കുന്ന ബിജെപിയും ആ ഇളവ് പോലും ഇന്ന് നല്‍കിയിട്ടില്ലെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ കടകംപള്ളി പറഞ്ഞു.

Read Also : ഏറ്റുമുട്ടുന്നത് ഒരു മാരകശക്തിയോട്; എന്റെ സംസാരം പതറാതെ ഇനിയും തുടരുക തന്നെ ചെയ്യും: സുനില്‍ ഇളയിടം

ശബരിമല സുപ്രീംകോടതി വിധി സുവര്‍ണാവസരമായി ഉപയോഗിക്കാന്‍ നടക്കുന്നവര്‍ക്ക് അയ്യപ്പനോടോ, അയ്യപ്പഭക്തരോടോ ഒരു പ്രതിബദ്ധതയുമില്ലെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിയും മനസിലാകാത്തവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ ഇത്തരം ചെയ്തികള്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“അന്ന് തുലാം മാസം ഒന്നാം തീയതി ആയിരുന്നു. ശബരിമലയില്‍ അന്ന് പുലര്‍ച്ചെയാണ് തുലാമാസ പൂജകള്‍ ആരംഭിക്കുന്നത്. പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതും അന്നാണ്. ഇത്തവണ തുലാം ഒന്ന്, മഹാനവമി ദിനം കൂടിയായിരുന്നു. ആ തുലാം ഒന്നിന്, മഹാനവമി ദിനത്തില്‍ സംസ്ഥാനമാകമാനം ഇതേ പോലെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെയും തീര്‍ത്ഥാടകരെയും ബുദ്ധിമുട്ടിച്ചു. ഇന്നും സമാന സ്ഥിതിയാണ്. വെളളം പോലും കിട്ടാതെ തീര്‍ത്ഥാടകര്‍ പ്രയാസത്തിലായി. അയ്യപ്പഭക്തരുടെ വാഹനങ്ങളടക്കം പല സ്ഥലത്തും കുടുങ്ങിയ നിലയിലാണ്. ശബരിമലയെ തകര്‍ക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ടല്ലോ”. കടകംപള്ളി ചോദിച്ചു.

We use cookies to give you the best possible experience. Learn more