രാഷ്ട്രീയപാര്‍ട്ടി: ഹസാരെ സംഘത്തില്‍ ഏകാഭിപ്രായമായില്ല, തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ബി.ജെ.പി
India
രാഷ്ട്രീയപാര്‍ട്ടി: ഹസാരെ സംഘത്തില്‍ ഏകാഭിപ്രായമായില്ല, തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th August 2012, 11:55 am

ന്യൂദല്‍ഹി: അഴിമതി വിരുദ്ധ സഹനസമരത്തിന്റെ വഴിയില്‍ നിന്ന് അണ്ണാ ഹസാരെ സംഘം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ്. 10 ദിവസമായി ജന്തര്‍മന്തറില്‍ നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിച്ച അണ്ണാ ഹസാരെയും സംഘാംഗങ്ങളും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച്‌ കഴിഞ്ഞു. []

അതേസമയം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള അണ്ണാ ഹസാരെയുടെ തീരുമാനത്തെ ബി.ജെ.പി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ രംഗത്ത് ബി.ജെ.പിക്ക് പകരമാകാന്‍ ഹസാരെ സംഘത്തിന് കഴിയില്ലെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ നിധിന്‍ ഗഡ്ഗരി പറയുന്നത്.

രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ ഭരണഘടന പ്രകാരം ഹസാരെയ്ക്ക് അധികാരമുണ്ടെന്നും അതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുമെന്നുമായിരുന്നു ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

നിലവിലുള്ള പാര്‍ട്ടികളുമായി യോജിക്കാതെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ഹസാരെ സംഘത്തിന്റെ നീക്കം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജയപ്രകാശ് നാരായണന്‍ കോണ്‍ഗ്രസ് അഴിമതിയ്‌ക്കെതിരെ രംഗത്തുവന്നപ്പോള്‍ പ്രതിപക്ഷ കക്ഷികളുമായി ഐക്യപ്പെട്ടിരുന്നു. പിന്നീട് 1989ല്‍ വി.പി സിങ് അഴിമതിക്കെതിരെ രംഗത്തെത്തിയപ്പോള്‍ പ്രതിപക്ഷ സഹായം തേടിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി വളര്‍ത്തിയെടുക്കുകയെന്നത് എളുപ്പം കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹസാരെ ടീമിന്റെ രാഷ്ട്രീയ പ്രവേശനം ബി.ജെ.പി വോട്ടുകള്‍ ചോരാന്‍ കാരണമാകുമെന്നും നിരീക്ഷണങ്ങളുണ്ട്. എന്നാല്‍ ഹസാരെ സംഘം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെ കോണ്‍ഗ്രസിനെതിരായ തരംഗം ശക്തമാകുമെന്നും ഇത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നുമാണ് മറ്റ് ചിലരുടെ കണക്ക് കൂട്ടല്‍.

അതിനിടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സംഘത്തിനുള്ളില്‍ ഏകാഭിപ്രായം രൂപീകരിക്കാന്‍ ഹസാരെ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ സംഘാംഗങ്ങളിലൊരാളും കര്‍ണാടക മുന്‍ ലോകായുക്തയുമായ സന്തോഷ് ഹെഡ്‌ഗെ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഹെഡ്‌ഗെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഹസാരെ സംഘത്തില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥികളായാല്‍ അവര്‍ക്കായി പ്രചാരണം നടത്തുമെന്നും ഹെഡ്‌ഗെ പറഞ്ഞു.

ഹസാരെ സംഘത്തിന് പുറത്തുള്ള മികച്ച പ്രതിച്ഛായ ഉള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥികളാവാം. പക്ഷേ ഇത് ഹസാരെയുടെ ബാനറിലാകരുത്. ഹസാരെ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇല്ലെന്നാണ് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞത്. അതേസമയം, അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. സംഘത്തില്‍ നിന്നുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. അത് അഴിമതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടിക്കൊണ്ടാകരുത്. നിയമനിര്‍മാണ സംവിധാനത്തില്‍ മാറ്റം വരുത്താതെയും ജനങ്ങള്‍ക്കെതിരെയുള്ള മനോഭാവം മാറാതെയും അഴിമതി തുടച്ച് നീക്കാനാവില്ലെന്നുമാണ് ഹെഡ്‌ഗെയുടെ നിലപാട്.