തിരുവനന്തപുരം: കെ റെയ്‌ലിനെതിരായ സമരത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ കെ റെയില്‍ കുറ്റി നാട്ടിയെന്ന് ബി.ജെ.പി വാദം തള്ളി പൊലീസ്.
തിരുവനന്തപുരം മുരുക്കുംപുഴയില്‍ നിന്ന് പിഴുതെടുത്ത കെ റെയില്‍ അതിരടയാളക്കല്ല് ക്ലിഫ് ഹൗസ് വളപ്പിനുള്ളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കുഴിച്ചിട്ടു എന്നാണ് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ക്ലിഫ് ഹൗസിലല്ല കൃഷി മന്ത്രി മന്ത്രി പി. പ്രസാദിന്റെ വസതിക്ക് സമീപമാണ്
കല്ല് നാട്ടിയതെന്നാണ് പൊലീസ് പറയുന്നത്.
മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണ്. മുഖ്യമന്ത്രിയുടെ വസതിയും പ്രസാദിന്റെ വസതിയും തമ്മില്‍ അര കിലോമീറ്റര്‍ ദൂരമുണ്ടെന്നും പൊലീസ് പറയുന്നു.
മുരുക്കുംപുഴയില്‍ നിന്ന് പിഴുതെടുത്ത കെ റെയില്‍ കല്ലുമായി ക്ലിഫ് ഹൗസിലേക്ക് ബി.ജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയില്‍ ക്ലിഫ് ഹൗസിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെ സ്വകാര്യ വ്യക്തിയുടെ മതില്‍ ചാടിക്കടന്ന് ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രസാദിന്റെ വീടിന്റെ വളപ്പിലെത്തുകയായിരുന്നു. ഈ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സുരക്ഷ കുറവായിരുന്നെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ ആറ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകരായ പി. ജോയി, പാപ്പനംകോട് നന്ദു, വിജിത്ത്, ഗോകുല്‍, പ്രതീഷ്, വിഷ്ണു വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന്റെ വീഡിയോ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്നലെ പ്രഖ്യാപിച്ചത് പോലെ കെ റെയില്‍ സര്‍വേ കല്ലുകള്‍ മുഖ്യമന്ത്രിയുടെ വീടിന്റെ കോമ്പൗണ്ടിലിട്ടിട്ടുണ്ട്,’ എന്നാണ് രാജേഷ് ഫേസ്ബുക്കില്‍ എഴുതിയത്.
CONTENT HIGHLIGHTS: BJP had erected a K-rail at the residence of the Agriculture Minister, thinking it was Cliff House