| Friday, 14th February 2020, 5:27 pm

'പട്ടാളക്കാരുടെ ചോരയും ത്യാഗവും വോട്ടായി മാത്രം കാണുന്നതില്‍ നാണം തോന്നുന്നില്ലേ?'; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോഴും രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ച ഗുരുതര ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്ന മൗനത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. രാജ്യ സുരക്ഷയെക്കുറിച്ച് ബി.ജെ.പിക്ക് യാതൊരു താല്‍പര്യവുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘വോട്ട് സുരക്ഷിതമാക്കുന്നതില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശ്രദ്ധ. രാജ്യ സുരക്ഷ അവരെ ബാധിക്കുന്നേയില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷവും പട്ടാളക്കാരുടെ രാജ്യ സമര്‍പ്പണവും ആത്മത്യാഗവും വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്തും പോസ്റ്ററുകള്‍ പതിപ്പിച്ചും വോട്ടാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്’, ഷെര്‍ഗില്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തെയും ഇത്തരത്തില്‍ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ബി.ജെ.പി സര്‍ക്കാരും പ്രധാനമന്ത്രിയും അവരുടെ പരസ്യങ്ങള്‍ക്കുവേണ്ടി 4,500 കോടി രൂപയും പ്രധാനമന്ത്രിയുടെ ദിവസവുമുള്ള എസ്.പി.ജി സുരക്ഷയ്ക്കുവേണ്ടി 1.5 കോടിയും ചെലവഴിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മാത്രം അവര്‍ തയ്യാറാകാത്തത്?’, ഷെര്‍ഗില്‍ ചോദിച്ചു.

കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന തുകയും ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ഗാന്ധി പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരെ അധിക്ഷേപിക്കുകയാണെന്ന ബി.ജെ.പിയുടെ പ്രചാരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. മുംബൈ ഭീകരാക്രമണ സമയത്ത് സര്‍ക്കാരിനെ ചോദ്യം ചെയ്ത് നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അപ്പോള്‍ അദ്ദേഹത്തെ രാജ്യസ്‌നേഹിയെന്ന് വാഴ്ത്തി. ഇപ്പോള്‍ രാഹുല്‍ഗാന്ധി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്നു. ഇതിലെ യുക്തി എന്താണ്? ഈ ദ്വൈമുഖം അവസാനിപ്പിക്കുകയും പട്ടാളക്കാരെ ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന രീതി ബി.ജെ.പിക്കാര്‍ അവസാനിപ്പിക്കുകയും വേണമെന്ന് ഷെര്‍ഗില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more