ലഖ്‌നൗ: ആരോഗ്യ മേഖലയില്‍ മോശം പ്രകടനമാണ് നടത്തുന്നതെന്ന നീതി ആയോഗ് റിപ്പോര്‍ട്ടിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി സര്‍ക്കാരിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
‘നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍, മരുന്ന്, ആരോഗ്യം എന്നിവയുടെ കാര്യത്തില്‍ യു.പി ഏറ്റവും താഴെയാണ്. യു.പിയിലെ ബി.ജെ.പി സര്‍ക്കാരിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ടാണിത്,’ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കി യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാവില്ലെന്നും യു.പിയിലെ ജനങ്ങളുടെ ആരോഗ്യം നശിപ്പിച്ചവര്‍ക്ക് 2022ലെ തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നീതി ആയോഗ് തിങ്കളാഴ്ചയാണ് രാജ്യത്തെ നാലാമത്തെ ആരോഗ്യ സൂചിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ആരോഗ്യ സൂചികയുടെ നാലാം റൗണ്ട് 2019-20 കാലഘട്ടം കണക്കിലെടുത്താണ് ചെയ്തിരിക്കുന്നത്.
ആരോഗ്യ മേഖലയിലെ ഓരോ സംസ്ഥാനത്തിന്റെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം പട്ടികയില്‍ ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് ഏറ്റവും താഴെയുമാണ്.
തമിഴ്നാടും തെലങ്കാനയും ആരോഗ്യ പാരാമീറ്ററുകളില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ആ രണ്ട് സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചതായി സര്‍ക്കാര്‍ തിങ്ക് ടാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആരോഗ്യ മാനദണ്ഡങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതില്‍ ബിഹാറും മധ്യപ്രദേശുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
എന്നിരുന്നാലും, അടിസ്ഥാന വര്‍ഷം (2018-19) മുതല്‍ റഫറന്‍സ് വര്‍ഷം (2019-20) വരെയുള്ള ഏറ്റവും ഉയര്‍ന്ന ഇന്‍ക്രിമെന്റല്‍ മാറ്റം രേഖപ്പെടുത്തിക്കൊണ്ട് ഉത്തര്‍പ്രദേശ് ഇന്‍ക്രിമെന്റല്‍ പ്രകടനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.