national news
മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുന്നു, അവർ ആദിവാസികളെ ഇല്ലാതാക്കും: കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 04, 03:31 am
Tuesday, 4th March 2025, 9:01 am

ഭോപ്പാൽ: മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുകയാണെന്നും ആദിവാസികളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കോൺഗ്രസ്.

ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ദുർബലപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും ആദിവാസി കോൺഗ്രസ് ചെയർമാൻ വിക്രാന്ത് ഭൂരിയ വിമർശിച്ചു.

‘ആദിവാസികൾ രാജ്യത്തെ ആദിമ നിവാസികളാണ്. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ അവകാശം ലഭിക്കേണ്ടത് ഗോത്രവർഗക്കാർക്കാണ്. ഈ രാജ്യത്ത് 12 കോടി ആദിവാസികളുണ്ട്, പക്ഷേ അവർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ല. ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.

ആദിവാസികളുടെ ആവശ്യങ്ങളും നിയമങ്ങളും വ്യത്യസ്തമായതിനാൽ, പട്ടികവർഗ പ്രദേശങ്ങളിൽ പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക എന്നതായിരുന്നു പട്ടികവർഗ മേഖലകളിലേക്കുള്ള വിപുലീകരണ നിയമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇതിൽ, ഗ്രാമസഭകൾക്ക് നൽകുന്ന നിയമങ്ങൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, അതായത് ഗ്രാമത്തിലെ സ്വയംഭരണം ആദിവാസികളിലൂടെയായിരിക്കും. ഗ്രാമത്തിൽ എന്തെങ്കിലും തരത്തിലുള്ള ജോലി ചെയ്യണമെങ്കിൽ, നിങ്ങൾ ആദിവാസികളിൽ നിന്ന് അനുമതി വാങ്ങേണ്ടിവരും. എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ ആദിവാസികളോട് ഒന്നും കൂടിയാലോചിക്കുന്നില്ല,’ ഭൂരിയ പറഞ്ഞു.

അതേസമയം, മുഴുവൻ ആദിവാസി മേഖലകളിലും ഖനനം നടക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കപ്പെടുന്നുവെന്നും , അവരെ ജയിലിലടയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനാവകാശ നിയമം ആദിവാസികൾക്ക് വനങ്ങളുടെ മേൽ അവകാശങ്ങൾ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഏതെങ്കിലും ആദിവാസിക്ക് എവിടെയെങ്കിലും ഭൂമി പാട്ടത്തിന് ആവശ്യമുണ്ടെങ്കിൽ, വന കമ്മിറ്റിക്ക് ആ ഭൂമി പാട്ടത്തിന് നൽകാമെന്നും പറഞ്ഞു, എന്നാൽ വാസ്തവത്തിൽ ആദിവാസികൾക്ക് ഒരു തരത്തിലുള്ള അവകാശങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങളും സ്വകാര്യവത്ക്കരിക്കാൻ പോകുന്നു. ഈ വനങ്ങൾ നശിച്ചുവെന്നും അതിനാൽ അവ വികസിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് നൽകുമെന്നും സർക്കാർ പറയുന്നു. എന്നാൽ മറച്ചുവെക്കപ്പെടുന്നത് ഈ വനപ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ആദിവാസികളെയാണ്. അവർ ഈ വനങ്ങളിലെ മേച്ചിൽപ്പുറങ്ങളിൽ കാലികളെ മേയ്ക്കുന്നുണ്ട്. ഇവിടെ അവർക്ക് കൃഷിഭൂമിയുണ്ട്,’ ഭൂരിയ പറഞ്ഞു. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ആദിവാസികളെ വനങ്ങളിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതേക്കുറിച്ച് ബി.ജെ.പിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

 

Content Highlight: BJP govt in MP to privatise 40 pc of forests; wants to remove tribals, alleges Congress