| Saturday, 10th August 2019, 11:01 am

ദേശീയ ദുരന്ത പ്രതികരണ സേനയുടെ യൂണിറ്റ് വയനാട്ടില്‍ ആരംഭിക്കുന്നത് തടസ്സപ്പെടുത്തിയത് ബി.ജെ.പി സര്‍ക്കാരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) യൂണിറ്റ് വയനാട്ടില്‍ ആരംഭിക്കുന്നത് തടസ്സപ്പെടുത്തിയത് ബി.ജെ.പി സര്‍ക്കാരെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

‘ദേശീയ ദുരന്ത പ്രതികരണ സേനയുടെ യൂണിറ്റ് വയനാട്ടില്‍ കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ മാറി ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് അടച്ചു പൂട്ടി.’

ദുരന്തം ആവര്‍ത്തിക്കുന്നത് ആശങ്കാജകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഹാദുരന്തത്തെ കുറിച്ച് അന്വേഷിക്കണമെന്ന ഇ. ശ്രീധരന്റെ ആവശ്യത്തോട് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിട്ടില്ല. ദുരന്തം തടയാനുള്ള നടപടികളാണ് ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം മഴക്കെടുതി നേരിടുന്ന വയനാട് ജില്ലയിലെ ദുരിതം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി എം.പി നാളെ ജില്ലയിലെത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നാളെ വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും.

പ്രളയദുരിതം നേരിടുന്ന മലപ്പുറം, വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കരിപ്പൂരില്‍ ഞായറാഴ്ച വൈകുന്നേരം വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വയനാട്ടിലെത്തുക.

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു

ഇതിനിടെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് നടത്താനിരുന്ന വയനാട് സന്ദര്‍ശനം റദ്ദാക്കി. പ്രളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more