| Friday, 18th October 2024, 9:13 am

ബഹറിച്ചിലേത് ബി.ജെ.പി മനപൂര്‍വമുണ്ടാക്കിയ വര്‍ഗീയ സംഘര്‍ഷം: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റിച്ചില്‍ നടന്ന വര്‍ഗീയ സംഘര്‍ഷം സംസ്ഥാന ഭരണകൂടം മനപൂര്‍വമുണ്ടാക്കിയതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പരിപാടിയില്‍ സുരക്ഷ ഒരുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പൊലീസ് സുരക്ഷ എന്തുകൊണ്ട് ഉറപ്പാക്കിയില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്‍ പൊലീസ് സുരക്ഷ ഉറപ്പാക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിഴ്ചയാണെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.

ബ്രിട്ടീഷുകാരെ പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും ബഹ്‌റിച്ചിലുണ്ടായ ആക്രമത്തിലെ വീഡിയോ എടുത്ത മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ആ ഉദ്ദേശത്തോടെയാണെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടി.

‘സര്‍ക്കാരിന്റെ അനാസ്ഥയാണ് ബഹ്‌റിച്ചില്‍ നടന്ന കലാപത്തിന് കാരണം. സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഇത്രയും വലിയ പരിപാടി നടത്തുമ്പോള്‍ എന്ത് കൊണ്ട് സുരക്ഷ ഉറപ്പാക്കിയില്ല. അവിടെ നടക്കുന്നത് എന്താണെന്ന് ഭരണകൂടത്തിന് ധാരണയില്ലായിരുന്നോ’ അഖിലേഷ് യാദവ് ചോദിച്ചു.

അക്രമത്തില്‍ പങ്കുണ്ടെന്ന ആരോപിക്കുന്നവരെ അറസ്റ്റ് ചെയ്യുമ്പോള്‍ തോക്ക് ഉപയോഗിച്ചതിനെ കുറിച്ച് പറഞ്ഞ അഖിലേഷ് സര്‍ക്കാര്‍ സംസ്ഥാനത്തെ പൊലീസിനെ നശിപ്പിച്ചുവെന്നും ആരോപിച്ചു.

ഒക്ടോബര്‍ 13നാണ് ബഹ്‌റിച്ച് ജില്ലയിലെ മഹ്‌സി തഹ്‌സി മഹാരാജ്ഗഞ്ചില്‍ ദുര്‍ഗാ പൂജാ നിമഞ്ജന ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാവുന്നത്. ആരാധനാലയത്തില്‍ നിന്ന് ഉച്ചത്തിലുള്ള നാമജപം നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാവുന്നത്. സംഘര്‍ഷത്തില്‍ രാം ഗോപാല്‍ മിശ്ര എന്നയാള്‍ക്ക് വെടിയേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിരുന്നൂ.

ബഹ്റിച്ചിലെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിലും തുടര്‍ന്നുള്ള അക്രമങ്ങളിലും പോലീസ് ഇതുവരെ 11 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. 55 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Content Highlight: BJP govt deliberately created communal tension in Baharich: Akhilesh Yadav

We use cookies to give you the best possible experience. Learn more