2015 ല്‍ പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച ബജറ്റ് രേഖകളില്‍ പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനായി 50 സ്ഥലങ്ങള്‍ തീരുമാനിച്ചിട്ടുള്ളതായി പറയുന്നുണ്ട്. പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ച 2015ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ 104ാം പേജില്‍ വിമാനത്താവള നിര്‍മ്മാണത്തിനുള്ള മുന്‍ഗണനകള്‍ സംബന്ധിച്ചു പരാമര്‍ശമുണ്ട്. ഇതില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ളത് ആറന്മുളയാണ് എട്ടാമത്തേത് കണ്ണൂര്‍ വിമാനത്താവളവും.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്ന വിദഗ്ധ സമിതി കെ. ജി. എസ് കമ്പനിയുടെ അപേക്ഷയെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണലില്‍ വിമാനത്താവള പദ്ധതിക്കെതിരെ ഉയര്‍ന്ന വാദങ്ങളും അതിന് കമ്പനി നല്‍കിയ മറുപടിയും ട്രൈബ്യൂണല്‍ വിധിയില്‍ കേരള സര്‍ക്കാര്‍ നിലപാടും പഠിച്ചശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്ന് തീരുമാനമെടുത്തിരുന്നു.
സാമ്പത്തിക സര്‍വ്വേയില്‍ പരാമര്‍ശിക്കപ്പെട്ടതുകൊണ്ട് ആ പദ്ധതി ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബി.ജെ.പി നേതാക്കള്‍ എന്ന് പീലിപ്പോസ് തോമസ് പറഞ്ഞു.