| Thursday, 13th October 2022, 12:20 pm

സതീഷ് വര്‍മ, സഞ്ജീവ് ഭട്ട് ഇപ്പോള്‍ ജസ്റ്റിസ് എസ്. മുരളീധര്‍; എതിര്‍ത്തവരോട് പ്രതികാര നടപടി തുടര്‍ന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഒഡീഷ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായ ജസ്റ്റിസ്‌ എസ്‌. മുരളീധറിനെ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിക്കണമെന്ന ശിപാർശ തടഞ്ഞ് ബി.ജെ.പി സർക്കാർ. വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന്‌ ജസ്റ്റിസ് നിർദേശിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ചീഫ്‌ ജസ്റ്റിസായി നിയമിക്കണമെന്ന ശിപാർശ കേന്ദ്ര സർക്കാർ തടഞ്ഞത്.

സെപ്റ്റംബർ 28നാണ് കൊളീജിയം നിയമനം സംബന്ധിച്ച ശിപാർശ മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെ സർക്കാർ ഇത് തടയുകയായിരുന്നു. വിദ്വേഷ പ്രചരണം നടത്തിയതിന് ബി.ജെ.പി നേതാക്കളായ അനുരാഗ്‌ താക്കൂർ, പർവേശ്‌ വർമ, കപിൽ മിശ്ര തുടങ്ങിയവർക്കെതിരെ കേസെടുക്കാനായിരുന്നു ജസ്റ്റിസ് എസ്. മുരളീധർ ആവശ്യപ്പെട്ടത്.

2020 ഫെബ്രുവരിയിൽ ദൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

വടക്കുകിഴക്കൻ ദൽഹിയിലെ കലാപം നേരിടുന്നതിൽ പൊലീസിന്റെ ഗുരുതരമായ വീഴ്‌ചയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതോടെ മുരളീധറിനെ പഞ്ചാബ്‌-ഹരിയാന ഹൈക്കോടതിയിലേക്ക്‌ സ്ഥലംമാറ്റിയിരുന്നു.

ബി.ജെ.പി നേതാക്കളെ വിമർശിച്ച ജഡ്‌ജിയെ ഉടനടി സ്ഥലംമാറ്റിയതും വിവാദമായിരുന്നു.

മലയാളിയായ ജസ്റ്റിസ്‌ കെ.എം. ജോസഫിനെ സുപ്രീംകോടതിയിലേക്ക്‌ ഉയർത്താമെന്ന ശിപാർശ തടഞ്ഞുവച്ചിരുന്നു. സൊഹ്‌റാബുദീൻ ഷെയ്‌ക്ക്‌ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്‌ ഷായെ കസ്റ്റഡിയിൽ വിട്ട ജസ്റ്റിസ്‌ അകിൽ ഖുറേഷിയെ സുപ്രീംകോടതിയിലേക്ക്‌ ഉയർത്തണമെന്ന ശിപാർശയും തള്ളിയിരുന്നു.

നേരത്തെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥനെ ബി.ജെ.പി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. വിരമിക്കാൻ ഒരുമാസം മാത്രം ബാക്കി നിൽക്കെയായിരുന്നു അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.

പ്രാണേഷ് പിള്ളയും ഇസ്രത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമർപ്പിച്ച സി.ബി.ഐ അന്വേഷണം നയിച്ച ആളാണ് സതീഷ് വർമ.

2004 ജൂൺ 15നായിരുന്നു ഇസ്രത്ത് ജഹാൻ എന്ന 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയുൾപ്പെടെ മൂന്നുപേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെടുന്നത്. ഗുജറാത്തിൽ വെച്ചായിരുന്നു സംഭവം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നുവെന്നും ഇസ്രത്ത് ജഹാനുൾപ്പെടെ നാലുപേരും ലഷ്‌കർ-ഇ-ത്വയിബ ഭീകരരുമാണെന്ന് ആരോപിച്ചായിരുന്നു അന്ന് പൊലീസ് ഇവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

ഇതിന് പിന്നാലെ അന്ന് ഗുജറാത്ത് ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സതീഷ് വർമ.

മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ടീസ്ത സെതൽവാദ്, ​ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി.ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങിയവരെ നേരത്തെ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ ജയിലിലടച്ചിരുന്നു. ​ഗുജറാത്ത് കലാപക്കേസിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന് കാണിച്ചായിരുന്നു ഇവർക്കെതിരെ സർക്കാർ നടപടിയെടുത്തത്.

Content Highlight: BJP government’s retaliatory measures continues; Prohibition on promotion of justice who suggested filing case against BJP leaders who made hate speech

We use cookies to give you the best possible experience. Learn more