ന്യൂദല്‍ഹി: വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരന്മാരെ നിരീക്ഷിക്കുന്നതായി എന്തു ചാര ഉപകരണമാണ് ബി.ജെ.പി സര്‍ക്കാര്‍ വാങ്ങിയതെന്നു വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കുറ്റം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇസ്രഈല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയോയെന്ന ചോദ്യത്തിനു മറുപടി പറയാതെയായിരുന്നു പ്രസാദിന്റെ രാജ്യസഭയിലെ പ്രസംഗം. കോണ്‍ഗ്രസ് എം.പി ദിഗ്‌വിജയ് സിങ്ങായിരുന്നു ചോദ്യമുന്നയിച്ചത്.
‘രാജ്യസുരക്ഷ മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികള്‍ക്കു വ്യക്തികളെ നിരീക്ഷിക്കാന്‍ സാധിക്കും. ഐ.ടി നിയമത്തില്‍ ഇതു വ്യവസ്ഥ ചെയ്യുന്നുണ്ട്. വിവരസംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.’- അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാട്‌സാപ്പ് സന്ദേശം ലഭിച്ചപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ഇടപെട്ടു. സര്‍ക്കാര്‍ വാട്‌സാപ്പിനോടു വിശദീകരണം തേടിയിട്ടുണ്ട്. സ്വകാര്യതാ സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.