| Saturday, 28th May 2022, 7:07 pm

'മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്നവരെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുന്നു': ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ന്യൂനപക്ഷ വിഭാഗത്തിനെതിരെ രാജ്യത്ത് വിഷലിപ്തമായ പ്രചാരണങ്ങള്‍ നടത്തുന്നവരെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ദിയോബന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് .

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. രാജ്യത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ജംഇയ്യത്തുല്‍ ഉലമ അറിയിച്ചു.

വ്യാജ ദേശീയതയുടെ പേരില്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദോഷമാണെന്നും ജംഇയ്യത്തുല്‍ ഉലമ ചൂണ്ടിക്കാട്ടി.

മുസ്‌ലിങ്ങള്‍ക്ക് മാത്രമല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ജനങ്ങള്‍ക്കും എതിരായ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് ആവശ്യപ്പെട്ടു. മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് അധികാരികള്‍ ആവശ്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പ്രമേയവും സംഘടന പാസാക്കി.

പൗരന്മാരെ നേര്‍ക്കുനേര്‍ തിരിയിക്കാനുള്ള നീക്കങ്ങള്‍ രാജ്യത്ത് നടക്കുകയാണെന്നും അധികാരികള്‍ പറഞ്ഞു. സര്‍ക്കാരിന്റേയും ഉന്നത അധികാരികളുടേയും സംരക്ഷണത്തിലാണ് ഇത്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നതെന്നത് ആശങ്കപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

മുസ്‌ലിം വിഭാഗത്തിനും, പുരാതന ആരാധനാലയങ്ങള്‍ക്കും ഭരണാധികാരികള്‍ക്കുമെതിരെ രാജ്യത്ത് വ്യാപകമായി തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം കണ്ണടയ്ക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.

രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്നില്‍ കണ്ട് പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതും, വെറുപ്പ് പ്രചരിപ്പിക്കുന്നതും രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അധികാരികള്‍ പ്രമേയത്തില്‍ വ്യക്തമാക്കി.

ഫാസിസ്റ്റുകള്‍ നടത്തുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം സമൂഹം ഭയന്ന് കീഴ്‌പ്പെടില്ലെന്നും അങ്ങനെയൊരു ചിന്തയുണ്ടെങ്കില്‍ അത് അവരുടെ വ്യാമോഹം മാത്രമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: BJP government is supporting the ones who promote enmity against minorities

We use cookies to give you the best possible experience. Learn more