സംസ്ഥാനത്തെ മുസ്‌ലിം സംവരണം പുനഃപരിശോധിക്കുമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍
national news
സംസ്ഥാനത്തെ മുസ്‌ലിം സംവരണം പുനഃപരിശോധിക്കുമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 8:25 am

ജെയ്പൂര്‍: സംസ്ഥാനത്തെ മുസ്‌ലിം സംവരണം പുനഃപരിശോധിക്കുമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍. ബംഗാളിലെ ഒ.ബി.സി പട്ടിക കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയതാണ് തീരുമാനത്തിന് കാരണമെന്നാണ് വിശദീകരണം.

സംസ്ഥാനത്തെ 14 മുസ്‌ലിം വിഭാഗങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. രാജസ്ഥാനിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി അവിനാഷ് ഗെലോട്ടാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്.

‘1997 മുതല്‍ 2013 വരെ മുസ്‌ലിം സമുദായങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പരിശോധിക്കും. നിയമവിരുദ്ധമായാണോ ഇവരെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ജൂണ്‍ നാലിന് വോട്ടെണ്ണല്‍ കഴിഞ്ഞതിന് ശേഷം പരിശോധിക്കാനാണ് തീരുമാനം,’ അവിനാഷ് ഗെലോട്ട് പറഞ്ഞു.

വ്യാഴാഴ്ചയാണ് പശ്ചിമ ബംഗാളില്‍ 2010 മുതല്‍ നല്‍കിയ എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കിക്കൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി വന്നത്. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിലായിരുന്നു കോടതിയുടെ നിര്‍ണായക വിധി.

2010ന് ശേഷം തയ്യാറാക്കിയ ഒ.ബി.സി ലിസ്റ്റ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. 1993ലെ പശ്ചിമ ബംഗാള്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌വേര്‍ഡ് കമ്മീഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ ഒ.ബി.സികളുടെ പുതിയ പട്ടിക തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പശ്ചിമ ബംഗാള്‍ പിന്നോക്ക വിഭാഗ നിയമം, 2012 സെക്ഷന്‍ 2H, 5, 6, സെക്ഷന്‍ 16, ഷെഡ്യൂള്‍ I, III എന്നിവ പ്രകാരം ഒ.ബി.സി ലിസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ബി.ജെ.പിയുടെ ഗൂഢാലോചന ആണെന്നും കോടതി വിധി അംഗീകരിക്കില്ലെന്നുമാണ് കൽക്കട്ട ഹൈക്കോടതി വിധിക്കെതിരെ മമത പ്രതികരിച്ചത്.

Content Highlight:  BJP government in Rajasthan will review the Muslim reservation in the state