ഇംഫാൽ: മണിപ്പൂരിൽ മാർച്ച് 31 ഈസ്റ്റർ ദിനം പ്രവർത്തി ദിനമാക്കിയ നടപടി പിൻവലിച്ച് ബി.ജെ.പി സർക്കാർ. പ്രതിഷേധം രൂക്ഷമായതോടെയാണ് അവധി പുനഃസ്ഥാപിച്ചത്.
ഉത്തരവിനെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഈസ്റ്റർ അവധി അവകാശമാണെന്നും വിവാദ ഉത്തരവ് പിൻവലിക്കാൻ മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെടുമെന്നുമാണ് സംഭവത്തിൽ തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
മണിപ്പൂർ സർക്കാരാണ് ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമാണെന്നതിനാല്‍ ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് ഉത്തരവില്‍ പറഞ്ഞത്. മാര്‍ച്ച് 31നാണ് ഈസ്റ്റര്‍. മാര്‍ച്ച് 30 ശനി, 31 ഞായര്‍ എന്നീ ദിനങ്ങളാണ് പ്രവര്‍ത്തി ദിനമാക്കി ഉത്തരവിറക്കിയത്.
മണിപ്പൂര്‍ സര്‍ക്കാറിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പറഷേനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ ഉള്‍പ്പടെ മണിപ്പൂരിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈസ്റ്റര്‍ പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് ഉത്തരവിലുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനമായതിനാല്‍ ഓഫീസ് ജോലികള്‍ തടസ്സപ്പെടാതിരിക്കാനാണ് അവധിയെന്നാണ് ഉത്തരവിൽ പറഞ്ഞത്.
Content Highlight: BJP government has withdrawn the order making Easter a working day in Manipur