|

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്രസകളാണ് അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിലാണ് മദ്രസകള്‍ സീല്‍ വെച്ചത്. ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് പൂട്ടിട്ടത്.

അതേസമയം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടുമ്പോഴും സംസ്ഥാനത്ത്, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും അവരുടെ മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് മദ്രസ നടത്തിപ്പുകാരും സമുദായ നേതാക്കളും ആരോപിച്ചു.

എന്നാല്‍ ഈ വിയത്തില്‍ മദ്രസ നടത്തിപ്പുകാര്‍ ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡ് മേധാവി ഷാമൂണ്‍ കശ്മീര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അംഗീകൃത രേഖകള്‍ ഉള്ള മദ്രസകള്‍ക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും, നിയമപരമായ നിബന്ധനകള്‍ പാലിച്ചുകഴിഞ്ഞാല്‍ സീല്‍ ചെയ്തവ വീണ്ടും തുറക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഇസ്‌ലാമിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് പല മദ്രസ നടത്തിപ്പുകാരും ഇതിനെ കാണുന്നത്.

നിയമപരമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നടപടിയെ ന്യായീകരിക്കുന്നത്. ഈ നടപടി ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അവര്‍ പറയുന്നു. മദ്രസ അടച്ചുപൂട്ടലില്‍ പ്രാദേശിക മദ്രസ അധ്യാപകരും മതപണ്ഡിതന്മാരും നിരാശരാണ്.  തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് ഡെറാഡൂണിലെ ഒരു അധ്യാപകന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മദ്രസകളെ അടച്ചുപൂട്ടാനുള്ള നീക്കത്തെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ മുസ്‌ലിങ്ങളോട് മനപൂര്‍വം വിവേചനം കാണിക്കുകയാണെന്നും മുസ്‌ലിം ആക്ടിവിസ്റ്റുകളും പണ്ഡിതന്മാരും ആരോപിച്ചു.

Content Highlight: BJP government closes 84 madrasas in Uttarakhand, alleging they are illegal

Latest Stories

Video Stories