| Thursday, 28th March 2024, 7:47 am

മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തിലെ അവധി പിന്‍വലിച്ച് ബി.ജെ.പി സര്‍ക്കാര്‍; പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തിലെ ഔഗ്യോഗിക അവധി പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമാണെന്നതിനാല്‍ ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 31നാണ് ഈസ്റ്റര്‍. മാര്‍ച്ച് 30 ശനി, 31 ഞായര്‍ എന്നീ ദിനങ്ങളാണ് പ്രവര്‍ത്തി ദിനമാക്കി ഉത്തരവിറക്കിയത്.

മണിപ്പൂര്‍ സര്‍ക്കാറിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പറഷേനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ ഉള്‍പ്പടെ മണിപ്പൂരിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈസ്റ്റര്‍ പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് ഉത്തരവിലുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനമായതിനാല്‍ ഓഫീസ് ജോലികള്‍ തടസ്സപ്പെടാതിരിക്കാനാണ് അവധിയെന്നും ഉത്തരവിലുണ്ട്.

ഈസ്റ്റര്‍ ക്രിസ്ത്യന്‍ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. കുരുശിലേറ്റപ്പെട്ട യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കുന്ന ഈസ്റ്റര്‍ ദിനത്തിലെ അവധി പിന്‍വലിച്ചതിനെതിരെ പ്രതിഷേധവുമായി കുക്കി സംഘടനകള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

കലാപത്തിന്റെ പേരില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ട സംസ്ഥാനമാണ് മണിപ്പൂര്‍. ഇപ്പോള്‍ ഈസ്റ്റര്‍ ദിനത്തിലെ അവധി പിന്‍വലിക്കുക കൂടി ചെയ്തത് മണിപ്പൂര്‍ സര്‍ക്കാറിനെതിരെയുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രതിഷേധം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

content highlights: BJP government cancels Easter holiday in Manipur; protest

We use cookies to give you the best possible experience. Learn more