| Sunday, 29th April 2018, 8:10 am

'ബി.ജെ.പി ജയില്‍പ്പുള്ളികളുടെ പാര്‍ട്ടി'; സബ്കാ സാഥ് സബ്കാ വികാസ് അല്ല, സബ്കാ വിനാശ് ആണ് നടക്കുന്നത്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ ഭരണ- പ്രതിപക്ഷാംഗങ്ങളുടെ വാക് പോര് തുടരുന്നു. രാജ്യത്ത് നടക്കുന്ന വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയാണ് രംഗത്ത് വന്നത്. സബ് കാ സാഥ് സബ്കാ വികാസ് എന്ന മോദിയുടെ പ്രധാന വാക്യം എടുത്തുപറഞ്ഞായിരുന്നു സിദ്ധരാമയ്യയുടെ വിമര്‍ശനം. സബ്കാ വികാസ് അല്ല, സബ്കാ വിനാശ് ആണ് സംഭവിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബി..ജെ.പി എപ്പോഴും സാമുദായികവിദ്വേഷം പടര്‍ത്തുകയാണെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി ആരോപിച്ചു. ബെലാഗവി ജില്ലയിലെ ഹുക്കേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.ബി. പാട്ടീലിന് വേണ്ടി നടത്തിയ ബഹുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

“ബി.ജെ.പി ജയില്‍പ്പുള്ളികളുടെ പാര്‍ട്ടിയാണ്. അവരുടെ പ്രധാന നേതാക്കളെല്ലാവരും ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. കര്‍ണാടകയില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇങ്ങനെയാണ്. ബി.ജെ.പിയുടെ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആഴ്ചകളോളം ജയിലില്‍ കിടന്നയാളാണ്. അവരുടെ ദേശീയ അധ്യക്ഷനും ജയിലില്‍ കഴിഞ്ഞയാളാണ്” സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുമ്പോള്‍ അദ്ദേഹത്തോട് എന്തിനാണ് ജയില്‍ശിക്ഷ അനുഭവിച്ചതെന്ന് ചോദിക്കണമെന്നും കൊലപാതകക്കുറ്റത്തിനാണ് അദ്ദേഹം ജയിലില്‍ പോയതെന്നും സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അടക്കമുള്ളവര്‍ ജയില്‍ശിക്ഷ അനുഭവിച്ചത് അഴിമതിക്കും ദുര്‍നടപ്പിനുമാണ്. അങ്ങനെയുള്ളവര്‍ അധികാരത്തിലേക്ക് മടങ്ങിവരണോ എന്നും സിദ്ധരാമയ്യ ചോദിച്ചു

നേരത്തെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ നേതാക്കളെ കൊണ്ടുവരുന്നതിനെതിരെയും സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നല്ല നേതാക്കളില്ലാത്തതിനാലാണ് ഉത്തരേന്ത്യയില്‍ നിന്ന് നേതാക്കളെ ഇറക്കുമതി ചെയ്യുന്നെന്നായിരുന്നു സിദ്ധരാമയ്യയുടെ വിമര്‍ശനം.

Latest Stories

We use cookies to give you the best possible experience. Learn more