ഭോപ്പാല്‍: കര്‍ഷക ലോണിന്റെ മറവില്‍ മധ്യപ്രദേശില്‍ ബി.ജെ.പി നടത്തിയത് 2000 കോടിയുടെ അഴിമതിയെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു തീരുമാനം അറിയിച്ചത്.
ബാങ്കില്‍ നിന്ന് വായ്പ എടുക്കാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള കുറച്ചാളുകളുമായി താന്‍ സംസാരിച്ചെന്ന് കമല്‍നാഥ് പറഞ്ഞു. എന്നിട്ടും വായ്പ എടുത്തവരുടെ ലിസ്റ്റില്‍ അവരുടെ പേരുണ്ടെന്നും കമല്‍ നാഥ് വിശദീകരിച്ചു. മാത്രമല്ല വായ്പ അടച്ചയാളുകളുടെ ലിസ്റ്റില്‍ അടയ്ക്കാത്തവരുടെ പേരും ഉണ്ട്. ഇതിനെല്ലാം പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കമല്‍ നാഥ് പറഞ്ഞു. 2000 കോടിക്കുമേലുള്ള അഴിമതി നടന്നതായും അന്വേഷണം ഉണ്ടാകുമെന്നും നാഥ് അഭിപ്രായപ്പെട്ടു.
അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വായ്പയ്ക്കാരുടെ ലിസ്റ്റ് തദ്ദേശസര്‍ക്കാരിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് എണ്ണത്തിലെ കള്ളത്തരം മനസ്സിലായത്.
നേരത്തെ ബി.ജെ.പിയുടെ കര്‍ഷക വിരുദ്ധ നയങ്ങളെ വോട്ടാക്കിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയ ഉടനെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു.