|

സഹചര്യം അനുകൂലമായിട്ടും പൊരുതിതോല്‍ക്കാന്‍ പോലും കഴിയാതെ ബി.ജെ.പി: പാര്‍ട്ടിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടുമ്പോഴും കേരളത്തില്‍ വലിയ ചലനമുണ്ടാക്കാനാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. ഇത്തവണ കേരളത്തില്‍ നിന്നും ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.

തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും കുമ്മനത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴക്കൂട്ടത്തും, വട്ടിയൂര്‍കാവിലുമുണ്ടായ തിരിച്ചടി ബി.ജെ.പിയെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. തിരുവനന്തപുരത്തെ മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു.

മധ്യകേരളത്തില്‍ വിജയിക്കാനായില്ലെങ്കിലും വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റവുമധികം ഉപയോഗിച്ചത് ഈ മേഖലയിലായിരുന്നു. എന്നാല്‍ ഏറണാകുളം, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലൊന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. നേട്ടം പ്രതീക്ഷിച്ച തൃശൂരും പത്തനംതിട്ടയും ബി.ജെ.പിക്ക് നിരാശയാണ് സമ്മാനിച്ചത്.

വടക്കന്‍ മേഖലയിലും സ്ഥിതി മെച്ചമല്ല. കോഴിക്കോട് അല്പം വോട്ടുകൂടിയതാണ് ചെറിയ ആശ്വാസം. വടകരയാവട്ടെ വോട്ടിങ് ശതമാനം കുറയുകയാണ് ചെയ്തത്.

ബി.ജെ.പി വോട്ടുകള്‍ വലിയ തോതില്‍ യു.ഡി.എഫിലേക്ക് പോയെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് വലിയൊരു വിഭാഗത്തിനുള്ള അതൃപ്തി കോണ്‍ഗ്രസിനാണ് വോട്ടായി മാറിയതെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിവേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ശ്രീധരന്‍പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാനും സാധ്യതയുണ്ട്.

Latest Stories