| Sunday, 22nd October 2023, 4:37 pm

വിദ്വേഷ പ്രാസംഗികന്‍ ടി. രാജ സിങ്ങിന് തെലങ്കാനയില്‍ സീറ്റ് നല്‍കി ബി.ജെ.പി; സസ്പെന്‍ഷനും പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഷനിലായ ടി.രാജ സിങ് എം.എല്‍.എയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ബി.ജെ.പി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ സിങ് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി നടപടി. ശര്‍മ്മയുടെ പ്രസ്താവനകള്‍ പല പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കിയിരുന്നു.

പാര്‍ട്ടിയുടെ കാരണം കാണിക്കന്‍ നോട്ടീസിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് സിങിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതെന്ന് ബി.ജെ.പി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് ഞായറാഴ്ച പറഞ്ഞു.

പാര്‍ട്ടിയെ മോശമാക്കുന്ന ഒന്നും ചെയ്യില്ലെന്ന് സിങ് മറുപടിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ലോക്സഭാ എം.പി ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് – ഇ. ഇത്തിഹാദുല്‍ മുസ്ലിമിനെ വിമര്‍ശിക്കുമ്പോഴെല്ലാം തന്നെ മുസ്ലിങ്ങളുടെ വിമര്‍ശകനായി മാറ്റുന്നെന്നും അദ്ദേഹം പറഞ്ഞു.

സസ്പെന്‍ഷന്‍ നേരിടുന്ന സമയത്തും മുസ്ലിങ്ങള്‍ക്കെതിരെ സിങ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ബുര്‍ഖ ധരിക്കുന്ന സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കരുതെന്ന് ഹിന്ദു സ്ത്രീകളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാത നെറ്റിയില്‍ തിലകം തൊടുന്നവര്‍ എന്റെ സുഹൃത്തും ഹിന്ദുവുമാണെന്നും പ്രസ്താവിച്ചിരുന്നു.മറ്റൊരു പ്രസംഗവേദിയില്‍ മുസ്ലിം പുരുഷന്‍മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ഹിന്ദുക്കള്‍ അപകടം നേരിടുന്നുണ്ടെന്നും 2026 ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്നും സിങ് പറഞ്ഞിരുന്നു.

അസറുദ്ദീന്‍ ഒവൈസിക്കും അക്ബറുദ്ദീന്‍ ഒവൈസിക്കുമെതിരെ മോശമായ ഭാഷയുഗിച്ച ബി.ജെ.പി നേതാവ് അവരെ നായകളോട് ഉപമിച്ചിരുന്നു.

Content highlight : BJP Goshmal MLA T.Raja Singh suspension revoked

Latest Stories

We use cookies to give you the best possible experience. Learn more