| Saturday, 26th November 2022, 11:41 pm

'ബി.ജെ.പി ഗുണ്ടകളുടെ കല്ലേറില്‍ പരിപാടിക്കെത്തിയ കുട്ടിക്ക് പരിക്കേറ്റു'; കടുത്ത പ്രതിഷേധവുമായി ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കേ ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി ആം ആദ്മി രംഗത്ത്. പാര്‍ട്ടിയുടെ പ്രചരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് ആം ആദ്മി ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം കത്തര്‍ഗം മണ്ഡലത്തില്‍ വെച്ച് എ.എ.പി നടത്തിയ പ്രചാരണ പരിപാടിയില്‍ കല്ലേറ് നടന്നിരുന്നു. ബി.ജെ.പി ഗുണ്ടകളാണ് കല്ലെറിഞ്ഞെന്നതെന്നും ആ ആക്രമണത്തില്‍ കുട്ടികള്‍ക്ക് വരെ പരിക്കേറ്റെന്നുമാണ് പാര്‍ട്ടി ഗുജറാത്ത് കണ്‍വീനര്‍ ഗോപാല്‍ ഇട്ടാലിയ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘കത്തര്‍ഗമില്‍ തോല്‍ക്കുമെന്ന് പേടിയിലാണ് ബി.ജെ.പി. അതുകൊണ്ടാണ് ബി.ജെ.പി ഗുണ്ടകള്‍ പൊതുപരിപാടിയിലേക്ക് കല്ലേറ് നടത്തിയത്. ഒരു ചെറിയ കുട്ടിക്ക് വരെ ഈ ആക്രമണത്തില്‍ പരിക്കേറ്റു,’ ഗോപാല്‍ ഇട്ടാലിയ പറഞ്ഞു.

27 വര്‍ഷം നീണ്ട ഭരണത്തിനിടയില്‍ ഉപകാരപ്രദമായ എന്തെങ്കിലും ഒരു കാര്യം ബി.ജെ.പി ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്കിങ്ങനെ എ.എ.പി മീറ്റിങ്ങിലേക്ക് കല്ലെറിയേണ്ടി വരില്ലായിരുന്നെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ കല്ലേറുകാര്‍ക്ക് ജനം ചൂലുകൊണ്ട് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിക്ക് ശേഷം പഞ്ചാബിലും ഭരണം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് ഗുജറാത്തിലേക്ക് ആം ആദ്മി പാര്‍ട്ടി എത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ എ.എ.പി നടപ്പിലാക്കിയ പദ്ധതികളുടെ ആവര്‍ത്തനമാണ് ഗുജറാത്തിലും അരവിന്ദ് കെജ്‌രിവാളും സംഘവും വാഗ്ദാനം ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി ചൂസ് യുവര്‍ സി.എം എന്ന ക്യാമ്പെയ്‌നിലൂടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആം ആദ്മി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഇസുദന്‍ ഗദ്വിയെയാണ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Content Highlight: BJP goons pelted stones and minor got injured, says AAP

We use cookies to give you the best possible experience. Learn more