കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥരെ മാരകമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അഴിമതികള്‍ക്കെതിരെയുള്ള പ്രതിഷേധമെന്നാണ് ബി.ജെ.പി റാലിയെ വിശേഷിപ്പിക്കുന്നത്. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിക്കുന്നതിന്റേയും പൊതുസ്വത്തുക്കള്‍ നശിപ്പിക്കുന്നതിന്റേയും വീഡിയോ പുറത്തു വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.എസ്. ശ്രീനിവാസും വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ മുദ്രാവാക്യം വിളിച്ചെത്തുകയും അതിലൊരാള്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് ലൈറ്റര്‍ ഉപയോഗിച്ച് തീ പിടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ മറ്റൊരാള്‍ പൊലീസ് വാഹനം തല്ലിത്തകര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ബംഗാളില്‍ പൊലീസ് ജീപ്പുകള്‍ കത്തിക്കുന്നത് ഏത് പാര്‍ട്ടിയുടെ ഗുണ്ടകളാണെന്ന് കണ്ട് മനസിലാക്കിക്കോളൂവെന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പ്രതികളുടെ വസ്ത്രവും മുഖവും കണ്ട്് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ തിരിച്ചറിയുമെന്ന് പ്രീക്ഷിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
जरा पहचानिये, ये किस पार्टी के ‘राष्ट्रवादी दंगाई’ पश्चिम बंगाल में पुलिस जीप जला रहे है? pic.twitter.com/9CvctuRgKT
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ട്വിറ്ററില്‍ #ShameonBJP ഹാഷ്ടാഗ് വീണ്ടും നിറയുകയാണ്. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ ഉദ്ധരിച്ചാണ് മിക്ക ട്വീറ്റുകളും. കോണ്‍ഗ്രസ് ജനങ്ങളിലേക്ക് സ്‌നേഹമാണ് പ്രചരിപ്പിക്കുന്നതെന്നും ബി.ജെ.പി വെറുപ്പാണ് ജനങ്ങള്‍ക്ക് കൊടുക്കുന്നതെന്നും ട്വിറ്ററില്‍ ഉപയോക്താക്കള്‍ കുറിക്കുന്നു.
ബി.ജെ.പി ‘സമാധാനപരമായി’ നടത്തിയ റാലിയിലെ ഏതാനും ഭാഗങ്ങള്‍ ചേര്‍ത്തിണക്കിയ വീഡിയോ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. അധികാരം ലഭിക്കാതെ തന്നെ ഇത്രയും ചെയ്യാന്‍ കെല്‍പ്പുള്ളവരാണെങ്കില്‍ തീര്‍ച്ചയായും അധികാരം ലഭിച്ചാല്‍ അവര്‍ ബംഗാളിലെ സമാധാനാന്തരീക്ഷത്തെ വേരോടെ പിഴുതെറിയുമെന്നും ടി.എം.സി ചൂണ്ടികാണിക്കുന്നു.
പശ്ചിമ ബംഗാളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റ് നബന്നയിലേക്കാണ് സംഘം റാലി നടത്തുന്നത്. റാലി സമാധാനപരമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ബി.ജെ.പി പ്രവര്‍ത്തകരല്ല ആക്രമണം നടത്തിയതെന്നാണ് ബി.ജെ.പിയുടെ വാദം.