കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 44 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ഒരു വാര്‍ഡില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് ആറ് വോട്ട് മാത്രം. ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് ഒമ്പത് വോട്ടും ആണ്.
കായംകുളം നഗരസഭയിലെ എട്ടാം വാര്‍ഡിലാണ് ബി.ജെ.പിക്ക് ആകെ ആറ് വോട്ടുകള്‍ ലഭിച്ചത്. ഇവിടെ എല്‍.ഡി.എഫ് വിജയിക്കുകയും ചെയ്തു. എല്‍.ഡി.എഫിന്റെ എ. ഷാജിയാണ് ഇവിടെ വിജയിച്ചത്.
കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്ണിലാണ് ബി.ജെ.പിക്ക് ഒമ്പതുവോട്ടുകള്‍ മാത്രം ലഭിച്ചത്. വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. ഇടത് സ്വതന്ത്രന്‍ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ഇവിടെ ജയിച്ചത്.
കോണ്‍ഗ്രസംഗവും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ബാബു പുല്ലാട് അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ടി.കെ രാധാകൃഷ്ണനുമാണ് മത്സരിച്ചത്.
കോണ്‍ഗ്രസിലെ ധാരണ പ്രകാരം ബാബു പുല്ലാട് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഡി.സി.സി നിര്‍ദേശ പ്രകാരം അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഇങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരുന്ന ബാബു പുല്ലാട് അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച ദിവസം പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് നെല്ലിക്കമണ്ണില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.