| Monday, 27th May 2019, 11:50 am

രണ്ടാം വരവില്‍ കൃഷ്ണകുമാറിനെ തള്ളി മലമ്പുഴ; പാലക്കാടും ബിജെപിക്ക് മൂന്നാം സ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പ്രതീനിധീകരിക്കുന്ന നിയോജകമണ്ഡലമാണ് മലമ്പുഴ. ഈ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ബിജെപിയുടെ പാലക്കാട്ടെ നേതാവ് സി കൃഷ്ണകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിഎസ് ജോയി അന്ന് മൂന്നാം സ്ഥാനത്തായിരുന്നു.

ശോഭാ സുരേന്ദ്രന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു കരുതിയിരുന്നത്. ശോഭാ സുരേന്ദ്രനേക്കാള്‍ വിജയസാധ്യത സി കൃഷ്ണകുമാറിനാണെന്ന വിലയിരുത്തലായിരുന്നു ബിജെപി നേതൃത്വം നടത്തിയത്. ഈ വിലയിരുത്തല്‍ ഉണ്ടായത് മലമ്പുഴയിലെ കൃഷ്ണകുമാറിന്റെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

ഫലം വന്നപ്പോള്‍ കൃഷ്ണകുമാറിന് നേടാനായത് 218556 വോട്ടുകളാണ്. ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ത്തിയെങ്കിലും നേരത്തെ പല എക്‌സിറ്റ് പോളുകളും പ്രചവിച്ച പോലെ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. പോളുകള്‍ മൂന്നാം സ്ഥാനം പ്രവചിച്ചിരുന്ന വികെ ശ്രീകണ്ഠന്‍ വിജയിക്കുകയും ചെയ്തു.

കൃഷ്ണകുമാറിനെ സംസ്ഥാനം അറിയപ്പെടുന്ന നേതാവാക്കിയ മലമ്പുഴയിലും കൃഷ്ണകുമാറിന് തിരിച്ചടിയാണുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ കൃഷ്ണകുമാറിന് കഴിഞ്ഞില്ല. മൂന്നാം സ്ഥാനത്താണ് കൃഷ്ണകുമാര്‍. ഇവിടെ രണ്ടാം സ്ഥാനം നേടിയത് യുഡിഎഫാണ്. 47743 വോട്ട് നേടിയ ശ്രീകണ്ഠനേക്കാളും 6000 വോട്ടിന് പിന്നിലാണ് കൃഷ്ണകുമാര്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് നിയോജക മണ്ഡലത്തിലും ഇക്കുറി മൂന്നാം സ്ഥാനത്താണ് കൃഷ്ണകുമാര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 4000 വോട്ടുകള്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫിനേക്കാളും ബിജെപി പിന്നില്‍. താന്‍ ഉപാദ്ധ്യക്ഷനായ പാലക്കാട്
നഗരസഭയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതില്‍ കൃഷ്ണകുമാറിന് ആശ്വസിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more