| Friday, 30th November 2018, 1:39 pm

പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് 19 വോട്ട് ; പന്തളത്ത് എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എസ്.ഡി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തംതിട്ട: ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പത്തനംതിട്ടയിലെ പന്തളത്തും കനത്ത തോല്‍വി.

ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് പത്തൊന്‍പത് വോട്ടാണ്. പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താംവാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഏഴും 12 ഉം വോട്ടുകളാണ് ബി.ജെ.പിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ചത്. എല്‍.ഡി.എഫിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ വിജയിച്ച് കയറിയതില്‍ ഒരാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മറ്റൊരാള്‍ എസ്.ഡി.പി.ഐക്കാരിയുമാണ്.

പത്തനംതിട്ട നഗരസഭയില്‍ പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍സര്‍ മുഹമ്മദ് വിജയിച്ചു.

എല്‍.ഡി.എഫ് കൗണ്‍സിലറായിരുന്ന വി.എ ഷാജഹാന്‍ അന്തരിച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് അന്‍സര്‍ മുഹമ്മദ്.കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്നു. 443 വോട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടിയത്. 251 വോട്ടിന്റെ ഭൂരിപക്ഷമാണ്.


ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് എല്‍.ഡി.എഫിന് മികച്ച വിജയം; തൃശൂരില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു


192 വോട്ട്‌നേടി രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ കരീം തെക്കേത്താണ്. മൂന്നാമത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ഥി സിറാജ് സലീം.(163) ആണ്. ഇവിടെ എല്‍.ഡി.എഫ് നാലാമതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്‍സാരി എസ് അസീസിന് 142 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് ഇവിടെ ലഭിച്ചത് വെറും ഏഴ് വോട്ടാണ്.

പന്തളം നഗരസഭയിലെ പത്താംവാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ഹസീന 276 വോട്ടുകള്‍ നേടി ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത്.

യു.ഡി.എഫിലെ റസീന 267 വോട്ടുകള്‍ നേടി. എല്‍.ഡി.എഫിലെ റോസിന ബീഗത്തിന് 247 വോട്ടുകളാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രജനിക്ക് 12 വോട്ടുകള്‍ മാത്രമാണ് ഇവിടെ നിന്നും ലഭിച്ചത്.

എല്‍.ഡി.എഫ് കൗണ്‍സിലര്‍ ജാന്‍സി ബീഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സംസ്ഥാനത്താകെ 39 ഇടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ എല്‍.ഡി.എഫും 12 ഇടങ്ങളില്‍ യു.ഡി.എഫും ഒരിടത്ത് യു.ഡി.എഫു വിമതനും രണ്ടിടത്ത് ബി.ജെ.പിയും രണ്ടിടത്ത് എസ്.ഡി.പിഐയുമാണ് വിജയിച്ചത്.

തൃശൂരിലും എറണാകുളത്തും മലപ്പുറത്തുമായി യു.ഡി.എഫില്‍ നിന്ന് അഞ്ചും ബി.ജെ.പിയില്‍ നിന്നും ഒരു വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു.

We use cookies to give you the best possible experience. Learn more