കോര്‍പ്പറേറ്റ് സംഭാവനയുടെ സിംഹഭാഗവും ബി.ജെ.പിക്ക്; കയ്യഴിച്ച് സഹായിച്ച് 1500 ലധികം കോര്‍പ്പറേറ്റുകള്‍
national news
കോര്‍പ്പറേറ്റ് സംഭാവനയുടെ സിംഹഭാഗവും ബി.ജെ.പിക്ക്; കയ്യഴിച്ച് സഹായിച്ച് 1500 ലധികം കോര്‍പ്പറേറ്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 10:44 am

ന്യൂദല്‍ഹി: രാജ്യത്ത് കോര്‍പ്പറേറ്റ് സംഭാവനകളുടെ സിംഹഭാഗവും ലഭിച്ചത് ബി.ജെ.പിക്ക്. 2018-2019 വര്‍ഷത്തെ കണക്കിലാണ് കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ സംഭാവന നല്‍കിയത് ബി.ജെ.പിക്കെന്ന റിപ്പോര്‍ട്ട് പുറത്തായത്.

ആകെ 876.10 കോടി രൂപയാണ് വിവിധ ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 698.082 കോടി രൂപ ലഭിച്ചത് ബി.ജെ.പിക്കാണ്. 1573 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായാണ് ബി.ജെ.പിക്ക് ഈ തുക ലഭിച്ചത്.

രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. 122.5 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 122 കോര്‍പ്പറേറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയത്. 17 കോര്‍പ്പറേറ്റുകളില്‍ നിന്നായി 11.345 കോടി രൂപയാണ് എന്‍.സി.പിക്ക് ലഭിച്ചത്.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവിധ ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിച്ച സംഭാവനയുടെ കണക്കുകള്‍ വ്യക്തമാക്കിയത്.

റെക്കോര്‍ഡ് തുകയാണ് 2018-2019 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്. 2014-2015 വര്‍ഷത്തില്‍ 573.18 കോടി രൂപയായിരുന്നു ഇത്.

ടാറ്റയുടെ  പ്രോഗ്രസീവ് ഇലക്ട്രല്‍ ട്രസ്റ്റാണ് റെക്കോര്‍ഡ് തുക വിവിധ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്. 356.535 കോടി രൂപ ബി.ജെ.പിക്ക് സംഭാവനയായി നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന് 55.629 കോടി, തൃണമൂല്‍ കോണ്‍ഗ്രസിന് 42.986 കോടി എന്നിങ്ങനെയാണ് ഇവരില്‍ നിന്നും ലഭിച്ചത്.

പേരുകള്‍ കൃത്യമായി വെളിപ്പെടുത്താത്ത കമ്പനികളില്‍ നിന്ന് 20.54 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP get lion share of corporate donation