കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തള്ളി ലക്ഷദ്വീപ് ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം. മീഡിയാ വണ്ണിനോടായിരുന്നു കാസിമിന്റെ പ്രതികരണം.
ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് കാസിം പറയുന്നത്.
‘ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണിത്. ലക്ഷദ്വീപില്‍ സീറോ ക്രൈം ആണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണ്,’ എച്ച്. കെ മുഹമ്മദ് കാസിം പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും അത്തരത്തിലൊരു പ്രശ്‌നവും ലക്ഷദ്വീപിലില്ലെന്നാണ് ബി.ജെ.പി കേരളത്തില്‍ നടത്തുന്ന പ്രചരണം.
ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
‘ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വേണ്ടിയാണ്. ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല.
വര്‍ഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനമുരടിപ്പാണ്. ഗുജറാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചിലര്‍ എതിര്‍ക്കുന്നത്,’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
ലക്ഷദ്വീപില്‍ ഐ.എസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തിലും ബി.ജെ.പിയും സംഘപരിവാറും പ്രചാരണം നടത്തുന്നുണ്ട്.
ലക്ഷദ്വീപില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞത്.
അതേസമയം അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന നടത്തണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.
കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.
ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.