ബെംഗളൂരു: സിലബസ് പരിഷ്‌കരണത്തിലൂടെ ദേശസ്‌നേഹം ഇല്ലാതാക്കാനും രാജ്യത്തെ മുഗളിസ്ഥാനാക്കി മാറ്റാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. സംഘപരിവാറിന്റെ ദേശസ്‌നേഹം എല്ലാവര്‍ക്കുമറിയാമെന്നും ആര്‍ക്കും അതൊന്നും ചരിത്രത്തില്‍ നിന്ന് മാറ്റാനാകില്ലെന്നും രവി പറഞ്ഞു.
കര്‍ണാടകയിലെ പാഠപുസ്തക സിലബസ് പരിഷ്‌കരിക്കുമെന്ന വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് വേണമെങ്കില്‍ പാഠപുസ്തക സിലബസ് പരിഷ്‌കരിക്കാമെന്നും എന്നാല്‍ ചരിത്രം വളച്ചൊടിക്കാനാകില്ലെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.
‘സംഘപരിവാറിന്റെ ദേശസ്‌നേഹത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എല്ലായിടത്തും സംഘപരിവാര്‍ ആശയങ്ങള്‍ കരുത്ത് നേടുകയാണ്. അത് മാറ്റാന്‍ അവര്‍ക്കാകില്ല. ഞങ്ങളുടെ ആശയം ദേശസ്‌നേഹമാണ്. കോണ്‍ഗ്രസ് ദേശസ്‌നേഹം ഇല്ലാതാക്കാനാണോ ശ്രമിക്കുന്നത്. അവര്‍ ഇവിടം മുഗളിസ്ഥാനാക്കാനാണോ ശ്രമിക്കുന്നത്,’ രവി ചോദിച്ചു.
‘അവര്‍ അസഹിഷ്ണുത എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഇത് കാണിക്കുന്നത് അവര്‍ക്ക് ഒരു രാജ്യസ്‌നേഹിയോടുള്ള അസഹിഷ്ണുതയാണ്. പ്രത്യയശാസ്ത്രപരമായി എതിര്‍ക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ ഹെഡ്ഗേവാറിന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് ധാര്‍മിക അവകാശമില്ല.
ഈ നാട്ടില്‍ നിന്നുള്ളവരല്ലാത്ത, ജനാധിപത്യത്തിന് എതിരായിരുന്ന മാര്‍ക്‌സിനെയും മാവോയെയും കുറിച്ചുള്ള പാഠങ്ങള്‍ പാഠപുസ്തകത്തിലുണ്ടാകാം. പക്ഷേ ഹെഡ്ഗേവാറിനെപ്പോലുള്ള ദേശസ്നേഹികളെക്കുറിച്ചുള്ള പാഠങ്ങള്‍ ഉണ്ടാകില്ല?
ഇതാണ് അസഹിഷ്ണുത. ആദ്യം കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന് നോക്കാം. എന്നിട്ട് എന്ത് വേണമെന്ന് ബി.ജെ.പി തീരുമാനിക്കും,’ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു.
വ്യാഴാഴ്ചയാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സിലബസുകളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ ആവര്‍ത്തിച്ചത്.
‘മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഇക്കാര്യത്തില്‍ അതിയായ താല്‍പര്യമുണ്ട്. പ്രകടനപത്രികയില്‍ പറഞ്ഞത് പോലെ തന്നെ സിലബസില്‍ മാറ്റം വരുത്തും. ഇതിനായി അക്കാദമിക വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. അഞ്ചിന പദ്ധതികളും നടപ്പിലാക്കും.
പാഠപുസ്തകത്തില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കും,’ എന്നായിരുന്നു ബംഗാരപ്പ പറഞ്ഞത്.