ജയ്പൂര്‍: ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ ലോക്സഭയില്‍ വിദ്വേഷ
പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി രമേഷ് ബിധുരിയെക്ക് പുതിയ ഉത്തരവാദിത്തം നല്‍കി ബി.ജെ.പി. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടോങ്ക് ജില്ലയുടെ ഉത്തരവാദിത്തം ബി.ജെ.പി രമേഷ് ബിധുരിയെ ഏല്‍പ്പിച്ചെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റേത് ഉള്‍പ്പെടെ നാല് നിയമസഭാ സീറ്റുകളാണ് ടോങ്ക് ജില്ലയിലുള്ളത്.
ഡാനിഷ് അലിക്കെതിരെ ലോക്‌സഭയില്‍ വംശീയ വിദ്വേഷ പരാമര്‍ശത്തിന് രമേഷ് ബിധുരെക്കെതിരെ നിയമനടപടി വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാര്‍ട്ടി പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ പുതിയ തീരുമാനത്തിനെതിരെ എക്‌സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. വിദ്വേഷം പ്രകടിപ്പിക്കുന്ന എം.പിക്ക് ബി.ജെ.പി പ്രൊമോഷന്‍ നല്‍കിയിരിക്കുന്നുവെന്നാണ് കമന്റുകള്‍.
മുല്ല, ഉഗ്രവാദി(ഭീകരവാദി) ബഡുവ(പിംപ്), കട്വാ (മുറിയന്‍) എന്നിങ്ങനെയുള്ള അധിക്ഷേപ പ്രയോഗങ്ങളാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ ലോക്സഭയില്‍ ഉപയോഗിച്ചത്. ഈ സമയം മുന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് വര്‍ധനും രവിശങ്കര്‍ പ്രസാദും പിറകിലത് കേട്ടിരുന്ന് ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ചാന്ദ്രയാന്‍-3 മിഷനുമായി ബന്ധപ്പെട്ട ലോക്‌സഭാ ചര്‍ച്ചയില്‍ ബി.എസ്.പിയിലെ കുന്വര്‍ ഡാനിഷ് അലിക്കെതിരെയാണ് ബിധുരി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശങ്ങള്‍ സഭ നീക്കം ചെയ്തിരുന്നു. എന്നാല്‍ രമേശ് ബിധുരിക്കെതിരെ വേണ്ടവിധം നടപടി സ്വീകരിരിക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്.
Content Highlight: BJP gave new responsibility to MP who made hate speech in Lok Sabha