പ്രധാനമന്ത്രിയുടെ പദ്ധതി നടപ്പാക്കാനെന്നു പറഞ്ഞ് തൃശൂരിലെ വ്യാപാരികളോട് ബി.ജെ.പി പണം ആവശ്യപ്പെടുന്നതായി പരാതി: ചോദിക്കുന്നത് അഞ്ചുലക്ഷം രൂപവരെ
Kerala
പ്രധാനമന്ത്രിയുടെ പദ്ധതി നടപ്പാക്കാനെന്നു പറഞ്ഞ് തൃശൂരിലെ വ്യാപാരികളോട് ബി.ജെ.പി പണം ആവശ്യപ്പെടുന്നതായി പരാതി: ചോദിക്കുന്നത് അഞ്ചുലക്ഷം രൂപവരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2017, 12:52 pm

തൃശൂര്‍: കുന്നംകുളത്ത് വ്യാപാരികളില്‍ നിന്ന് ബി.ജെ.പി വന്‍ പണപ്പിരിവ് നടത്തുന്നതായി പരാതി. വ്യാപാരികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെടുന്നതായാണ് പരാതി.

സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി തുക നിശ്ചയിച്ച് നല്‍കി അഞ്ച് ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നതായാണ് പരാതി. എന്നാല്‍ നിര്‍ബന്ധിത പിരിവല്ല അഭ്യര്‍ഥന മാത്രമാണ് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

“ബി.ജെ.പി സംസ്ഥാന അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനും അതിലുപരി പ്രധാനമന്ത്രിയുടെ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ജനോപകാര പ്രദമായ പദ്ധതികള്‍ കക്ഷി രാഷ്ട്രീയ വര്‍ഗ വര്‍ണ ഭേദമന്യേ നമ്മുടെ നാഗര ഗ്രാമങ്ങളില്‍ നടപ്പിലാക്കുന്നതിനു വേണ്ടിയും 2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും താങ്കളുടെ യഥാവിധി സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനയും വേണമെന്ന് അപേക്ഷിക്കുന്നു”- എന്നാണ് നോട്ടീസില്‍ പറയുന്നത്.


Dont Miss അധികാരമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയായിട്ടും മോദി ഒരു പത്രസമ്മേളനം പോലും വിളിച്ചിട്ടില്ല; സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ക്കേ നിലനില്‍പ്പുള്ളൂ എന്ന അവസ്ഥയെന്നും തോമസ് ഐസക് 


പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കുന്നംകുളത്തെ ഒരു വ്യാപാരിക്ക് ബി.ജെ.പി നല്‍കിയിരിക്കുന്ന നോട്ടീസും പുറത്തായിട്ടുണ്ട്.

കുന്നംകുളത്തെ ഭൂരിഭാഗം വ്യാപാരികള്‍ക്കും ഇങ്ങനെ പല തുകകള്‍ ബി.ജെ.പി തന്നെ മുന്‍കൂട്ടി എഴുതി നല്‍കിയിരിക്കുന്നു. സംസ്ഥാന തല ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ഔദ്യോഗിക ലൈറ്റര്‍ പാഡില്‍ തുക എഴുതി നല്‍കിയിരിക്കുന്നത്.

അതേസമയം ആവശ്യപ്പെടുന്ന പണം നല്‍കാത്തവരെ ബി.ജെ.പിക്കാര്‍ ഭീഷണപ്പെടുത്തുന്നതായി ആരോപിച്ച് സി.പി.ഐ.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായ സമിതി രംഗത്തെത്തി.

പണം നല്‍കാത്തവരോട് അവരുടെ കട നില്‍ക്കുന്നത് റോഡിലേക്കാണെന്നും നിങ്ങളുടെ വിറ്റുവരവിന് കണക്കാക്കി സെയില്‍സ് ടാക്‌സ് നല്‍കുന്നുണ്ടോയെന്നും ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും സി.പി.ഐ.എം ആരോപിക്കുന്നു.

എന്നാല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും നിര്‍ബന്ധിത പിരിവല്ല അഭ്യര്‍ഥന മാത്രമാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം.