സ്റ്റാലിന്റെ പേരില്‍ വിദ്വേഷകരമായ വ്യാജ പ്രചാരണം; തമിഴ്നാട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്
national news
സ്റ്റാലിന്റെ പേരില്‍ വിദ്വേഷകരമായ വ്യാജ പ്രചാരണം; തമിഴ്നാട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th January 2022, 6:10 pm

ചെന്നൈ: വിദ്വേഷകരമായ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതില്‍ തമിഴ്നാട് യുവമോര്‍ച്ച അധ്യക്ഷനെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്.

ആളുകള്‍ക്കിടയില്‍ വിദ്വേഷവും ഭയവും സൃഷ്ടിക്കാന്‍ വേണ്ടി പ്രചാരണം നടത്തയതിന് യുവമോര്‍ച്ച അധ്യക്ഷന്‍ വിനോദ് പി. ശല്‍വത്തിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സെക്ഷന്‍ 153, 505(1),505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ക്ഷേത്രങ്ങള്‍ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിനോദ് പി. ശല്‍വന്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സെല്‍വത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും, വിഷയം അന്വേഷണത്തിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്റ്റാലിനുമായി സാമ്യതയുള്ള ഒരു കാരിക്കേച്ചര്‍ വിനോദ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇളങ്കോവന്‍ എന്നയാള്‍ പരാതി നല്‍കിയത്.

സ്റ്റാലിന്റെ കാരിക്കേച്ചറിനൊപ്പം രണ്ട് ബുള്‍ഡോസറുകള്‍ ഒരു ക്ഷേത്രത്തിന്റെ ഗോപുരം ഇടിച്ചുനിരപ്പാക്കുന്നതായ ചിത്രമാണ് വിനോദ് പോസ്റ്റ് ചെയ്തത്.

സ്വാതന്ത്ര സമരകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഹിന്ദുയിസം അടിച്ചമര്‍ത്തപ്പെടുന്നത് ഈ കാലഘട്ടത്തിലാണെന്ന കുറിപ്പും വിനോദ് പോസ്റ്റ് ചെയ്തിരുന്നു. വാര്‍ത്ത വ്യാജമാണെന്നും സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇളങ്കോവന്‍ പരാതി നല്‍കിയത്.

മതവിദ്വേഷം സൃഷ്ടിക്കുന്നതും പൊതുസമാധാനത്തിന് വിരുദ്ധവുമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ സോഷ്യല്‍ മീഡിയ പേജുകളിലോ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍ മുന്നറിയിപ്പ് നല്‍കി.