കർണാടകയിലെ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം; കേരളത്തിലെ ജെ.ഡി.എസ് എങ്ങോട്ട്?
തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പിയും ജെ.ഡി.എസും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ ജെ.ഡി.എസ് വിഭാഗം എങ്ങോട്ടെന്ന ചോദ്യം ബാക്കിയാകുന്നു. എൽ.ഡി.എഫ് മുന്നണിയുടെ ഭാഗമാണ് കേരളത്തിൽ ജെ.ഡി.എസ്.
വൈദ്യുതി മന്ത്രി കെ. കൃഷ്‍ണൻകുട്ടി ഉൾപ്പെടെ രണ്ട് നിയമസഭാ സാമാജികരാണ് ജെ.ഡി.എസിന് കേരളത്തിൽ ഉള്ളത്. ജെ.ഡി.എസിന് ബി.ജെ.പി ക്ഷണം ലഭിക്കുമെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ തങ്ങൾ ബി.ജെ.പി ആശയങ്ങൾക്ക് എതിരാണെന്നും സമാന ആശയം പിന്തുടരുന്ന ഇടത് പക്ഷത്തോടൊപ്പം കേരളം ജെ.ഡി.എസ് തുടരുമെന്നും കെ. കൃഷ്‍ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ജെ.ഡി.എസ് കേരള ഘടകത്തോട് തങ്ങളോടൊപ്പം ചേരാൻ ക്ഷണവുമായി എൽ.ജെ.ഡി ജൂലൈയിൽ രംഗത്തെത്തിയിരുന്നു.
കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ എതിർക്കണമെന്നാണ് ജെ.ഡി.എസിന്റെ പൊളിറ്റിക്കൽ റസെല്യൂഷൻ എന്നും അതിൽ നിന്ന് വിഭിന്നമായ മറിച്ചൊരു തീരുമാനം ഉണ്ടാകാത്തിടത്തോളം ആ നയത്തിൽ നിന്നുകൊണ്ട് മാത്രമേ പാർട്ടിക്ക് പ്രവർത്തിക്കാനാകൂ എന്നുമായിരുന്നു ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ മാത്യു ടി. തോമസ് മുമ്പ് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
‘നവലിബറല്‍ സാമ്പത്തിക നയം രാജ്യത്ത് കൊണ്ടുവരികയും ബി.ജെ.പിയുടെ വര്‍ഗീയതയെ വളര്‍ത്താനാകുന്ന ബൗദ്ധിക സാഹചര്യം ഒരുക്കിക്കൊടുക്കയും ചെയ്തത് കോണ്‍ഗ്രസാണ്. അതുകൊണ്ട് കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരുപോലെ എതിര്‍ക്കണമെന്നാണ് നാഷണല്‍ പ്ലീനം പാസ്സാക്കിയ പൊളിറ്റിക്കല്‍ റസെല്യൂഷനില്‍ പറയുന്നത്. അഖിലേന്ത്യാ അധ്യക്ഷന്‍ ആ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടിയുടെ നിലപാട് അതില്‍ നിന്ന് വിഭിന്നമാകുന്നത് ആ ബോഡിയില്‍ നിന്ന് തന്നെ വേറെ തീരുമാനം ഉണ്ടാകുമ്പോഴാണ്. അത് ഉണ്ടാകാത്തിടത്തോളം കാലം ആ ഒരു നയത്തില്‍ ഊന്നിനിന്നുകൊണ്ട് മാത്രമേ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ,’ ജൂലൈയിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, ജെ.ഡി.എസ് ദേശീയ അധ്യക്ഷനായ എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിൽ നാലെണ്ണം ജെ.ഡി.എസ് മത്സരിക്കുമെന്ന് ധാരണയായി.
ബി.ജെ.പിയുമായി സഖ്യം ഉണ്ടാകില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്നുമായിരുന്നു ജൂലൈയിൽ ദേവഗൗഡ പറഞ്ഞിരുന്നു. എന്നാൽ മകൻ എച്ച്. ഡി. കുമാരസ്വാമിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ബി.ജെ.പി സഖ്യത്തിന് ദേവഗൗഡ തയ്യാറായത് എന്നാണ് റിപ്പോർട്ടുകൾ. സഖ്യ കാര്യത്തിൽ തീരുമാനമായെന്ന് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ ഇന്നലെ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യമായിരുന്നു കർണാടകയിൽ മത്സരിച്ചത്. ഇരുപാർട്ടികളും ഓരോ സീറ്റുകളിലേക്ക് ചുരുങ്ങിപ്പോകുകയായിരുന്നു. തുംകൂർ മണ്ഡലത്തിൽ മത്സരിച്ച ദേവഗൗഡ ദയനീയമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് ത്രികോണ മത്സരം നടന്നപ്പോൾ കനത്ത പരാജയമാണ് ബി.ജെ.പിയും ജെ.ഡി.എസും നേരിട്ടത്.
നിലവിൽ ഒരുമിച്ചാണ് ബി.ജെ.പിയും ജെ.ഡി.എസും പ്രതിപക്ഷ നിരയിൽ പ്രവർത്തിക്കുന്നത്. ജെ.ഡി.എസിനെ സഖ്യത്തിന്റെ ഭാഗമാക്കുന്നതിനായി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും ബി.ജെ.പി, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ല. പ്രതിപക്ഷ നേതൃപദവി ജെ.ഡി.എസിന് നൽകുമെന്നാണ് സൂചന.
Content Highlight: JDS forms alliance with BJP; What about Kerala JDS?