| Monday, 3rd May 2021, 9:11 pm

വാരിക്കോരി പണം ചെലവഴിച്ചിട്ടും ദേശീയ നേതാക്കന്മാര്‍ ഉള്‍പ്പെടെ അണിനിരന്നിട്ടും തോറ്റമ്പി; എന്ത് പറ്റിയെന്ന് പഠിക്കാന്‍ സമിതിയെ നിയോഗിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി നേരിട്ട ദയനീയ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കോര്‍ കമ്മിറ്റി തീരുമാനം. തിങ്കളാഴ്ചയാണ് അടിയന്തരമായി ബി.ജെ.പി കോര്‍ കമ്മിറ്റി ചേര്‍ന്നത്.

ഏക സീറ്റായ നേമം പോലും കൈവിട്ടത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് കമ്മിറ്റി വിലയിരുത്തി.

ഇത്രയും പണം ചെലവഴിച്ചും ദേശീയ നേതാക്കന്മാര്‍ ഉള്‍പ്പെടെ അണിനിരത്തിയും നടത്തിയ പ്രചരണം വൃഥാവിലായത് പരിശോധിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്.

സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഇത്തവണ 30 ഓളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പാര്‍ട്ടി വിലയിരുത്തിയിരുന്നത്. എന്നാല്‍ വെറും ഒമ്പതിടത്തു മാത്രമാണ് രണ്ടാമത് എത്താന്‍ സാധിച്ചത്.

11.3 ശതമാനം മാത്രമാണ് ബി.ജെ.പിയുടെ ഇത്തവണത്തെ വോട്ട് വിഹിതം. 2016-ല്‍ വോട്ട് വിഹിതം 10.6 ശതമാനം ആയിരുന്നു. 0.7 ശതമാനം മാത്രം വര്‍ധനയാണ് ഇത്തവണ വോട്ട് വിഹിതത്തിലുണ്ടാക്കാന്‍ സാധിച്ചത്.

ബി.ഡി.ജെ.എസ്. മുന്നേറ്റം ഉണ്ടാക്കാത്തതിലും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Form Committee Election Defeat K Surendran Election Results

We use cookies to give you the best possible experience. Learn more