മോദി അധികാരത്തിലേറിയാലുടന്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്ന് ബി.ജെ.പി നേതാവ്; അസംബന്ധ നിയമങ്ങള്‍ ആവശ്യമില്ലെന്ന് വിശദീകരണം
Jammu and Kashmir
മോദി അധികാരത്തിലേറിയാലുടന്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്ന് ബി.ജെ.പി നേതാവ്; അസംബന്ധ നിയമങ്ങള്‍ ആവശ്യമില്ലെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 10:17 pm

ശ്രീനഗര്‍: എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയാലുടന്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ എടുത്തുകളയുമെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന. ബി.ജെ.പിക്ക് പെട്ടന്നുതന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും റെയ്‌ന പറഞ്ഞു.

പാക് അധീന കശ്മീരിലെ അഭയാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കിയിരുന്ന എട്ട് നിയമ സഭാ സീറ്റുകള്‍ റദ്ദാക്കുമെന്നും റെയ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

‘താല്‍ക്കാലിക സംവിധാനമായ ആര്‍ട്ടിക്കിള്‍ 370 തുടരുന്നത് ജമ്മു കശ്മീര്‍ ജനതയോട് ചെയ്യുന്ന അനീതിയും, പാര്‍ലമെന്റിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരമില്ലാതെ പിന്‍വാതിലിലൂടെ നടപ്പാക്കിയ 35എ ഭരണഘടനാ അസംബന്ധവുമാണ്്. ഈ രണ്ട് ഭരണഘടനാ വ്യവസ്ഥകളും എത്രയും പെട്ടന്ന് റദ്ദ് ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കരുതുന്നത്’, റെയ്‌ന പറയുന്നു.

ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം ഖണ്ഡം ജമ്മുകശ്മീരിന് പ്രത്യേക പദവിയാണ് നല്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ മുഴുവന്‍ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല. ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ പതിച്ചു നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 35 എ. 1954 ല്‍ ജവഹര്‍ലാല്‍ നെഹ്റ മന്ത്രിസഭയുടെ ഉപദേശ പ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആര്‍ട്ടിക്കിള്‍ 370ന്റെ കൂടെ ആര്‍ട്ടിക്കിള്‍ 35 എ ചേര്‍ത്തത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം റദ്ദാക്കരുതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പദവി റദ്ദാക്കാന്‍ മോദിക്ക് കഴിയില്ലെന്നും 370, 35എയും സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ആര്‍ട്ടിക്കിള്‍ 370ഉം 35എയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ പോരാളികളാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍, അല്ലാതെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ മൂന്ന് സീറ്റില്‍ ജയിച്ചതിന്റെ ആവേശത്തിലാണ് റെയ്‌ന അടക്കമുള്ള സംസ്ഥാനത്തെ നേതാക്കള്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കശ്മീര്‍ തൂത്തുവാരുമെന്നും അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍നിന്നായിരിക്കുമെന്നുമാണ് റെയ്‌നയുടെ വാദം.