ഹിന്ദുമത വിശ്വാസത്തെ മുറിവേല്‍പ്പിച്ചു; രാഹുല്‍ ഗാന്ധിയുടെ ശക്തി പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി
India
ഹിന്ദുമത വിശ്വാസത്തെ മുറിവേല്‍പ്പിച്ചു; രാഹുല്‍ ഗാന്ധിയുടെ ശക്തി പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2024, 7:41 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ശക്തി പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി. ഹിന്ദുമത വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്ന പരസ്പര വൈര്യം വളര്‍ത്തുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു.

മുംബൈയില്‍ വെച്ച് നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന പരിപാടിയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെ അല്ല ഒരു ശക്തിക്കെതിരെ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

രാഹുലിന്റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്. എല്ലാ സ്ത്രീകളും അമ്മമാരും ശക്തിയാണെന്നും അവരെ എതിര്‍ക്കുകയാണ് ഇന്ത്യാ സഖ്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി രംഗത്തെത്തിയത്.

എന്നാല്‍ തന്റെ വാക്കുകള്‍ പ്രധാനമന്ത്രി വളച്ചൊടിച്ചതാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ‘ഞാന്‍ ഉദ്ദേശിച്ചത് ഭരണഘടനാ സ്ഥാപനങ്ങളടക്കം കീഴടിക്കി വെച്ചിരിക്കുന്ന ശക്തിയെ കുറിച്ചാണ്. ഞാന്‍ പ്രധാനമന്ത്രിയെ തന്നെയാണ് ശക്തിയായി ഉദ്ദേശിച്ചത്. അത് അദ്ദേഹത്തിന് മനസ്സിലായിട്ടുമുണ്ട്. അതിനാലാണ് അദ്ദേഹം എന്റെ വാക്കുകള്‍ വളച്ചൊടിച്ചത്,’ രാഹുല്‍ പറഞ്ഞു.

Content Highlight: BJP files complaint with EC against Rahul Gandhi over ‘shakti’ remarks: ‘Read out the exact thing’