| Sunday, 20th October 2019, 2:05 pm

പങ്കജ മുണ്ടെക്കെതിരെ മോശം പരാമര്‍ശം; എന്‍.സി.പി നേതാവിനെതിരെ കേസ്; നിഷേധിച്ച് ധനഞ്ജയ് മുണ്ടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഡ്: മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ് മുണ്ടെക്കെതിരെ മോശം പരാമര്‍ശമുന്നയിച്ച എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയ്‌ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ധനഞ്ജയ് മുണ്ടെയുടെ പരാമര്‍ശം.

മന്ത്രിക്കെതിരെ മോശം പരാമര്‍ശമുന്നയിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ബി.ജെ.പി നേതാവാണ് ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ അത് യഥാര്‍ഥ വീഡിയോ അല്ലെന്നും എഡിറ്റ് ചെയ്തതാണെന്നും ധനഞ്ജയ് മുണ്ടെ പറഞ്ഞു. ബന്ധുക്കള്‍ കൂടിയായ ധനഞ്ജയ് മുണ്ടെയും പങ്കജ് മുണ്ടെയും പാര്‍ലി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. പങ്കജ മുണ്ടെ പാര്‍ലി മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയാണ്.

ധനഞ്ജയ് മുണ്ടെക്കെതിരായ പരാതി നല്‍കിയത് പാര്‍ലിയിലെ ബി.ജെ.പി പ്രസിഡന്റ് ജുഗല്‍ കിഷോര്‍ ലോഹിയയാണ്.

ഒക്ടോബര്‍ 17 ന് പൊതു മീറ്റിങ്ങിലാണ് ബി.ജെ.പി മന്ത്രി പങ്കജ മുണ്ടെക്കെതിരെ എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെ മോശം പരാമര്‍ശമുന്നയിച്ചത്. ധനഞ്ജയക്കെതിരെ ബി.ജെ.പി ഇലക്ഷന്‍ കമ്മീഷനിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എഡിറ്റു ചെയ്ത് പ്രചരിപ്പിച്ച ആ വിഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ ഫോറന്‍സിക് ലാബിലയച്ച് പരിശോധിക്കെമെന്ന് കഴിഞ്ഞ ദിവസം ധനഞ്ജയ് മുണ്ടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. വീഡിയോ പങ്കുവെച്ചവര്‍ സഹോദരീ സഹോദര ബന്ധത്തെയെങ്കിലും ഓര്‍ക്കണ്ടേ എന്നും അദ്ദേഹം പറഞ്ഞു.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വികസന വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് മാത്രമാണെന്നും, ഏതെങ്കിലും തരത്തിലുള്ള വികാര ഭരിതമായ കാര്യങ്ങള്‍ പറഞ്ഞ് വിഷയത്തെ വഴിതിരിച്ച് വിടരുതെന്നും അത്തരം പ്രസ്താവനകള്‍ മനഃപൂര്‍വം തന്റെ പ്രതിച്ഛായയ്ക്ക് ഭംഗം വരുത്താനുതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആ വീഡിയോ ക്ലിപ്പ് യഥാര്‍ഥത്തിലുള്ളതല്ലെന്നും ധനഞ്ജയ് മുണ്ടെ ആവര്‍ത്തിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിക്കിടെ പങ്കജ മുണ്ടെ കുഴഞ്ഞു വീണിരുന്നു. തുടര്‍ച്ചയായ പ്രചാരണ പരിപാടികളായിരുന്നു പങ്കജ മുണ്ടെയെ തളര്‍ത്തിയതെന്ന് ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more