| Friday, 1st March 2024, 2:34 pm

'ദേശീയ ഗാനത്തെ അവഹേളിച്ചു'; പാലോട് രവിക്കെതിരെ പരാതി നല്‍കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്നി ജനപ്രക്ഷോഭ യാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ പാലോട് രവിക്കെതിരെ പരാതിയുമായി ബി.ജെ.പി. തിരുവനന്തപുരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവാണ് പാലോട് രവിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

‘പരിണിത പ്രജ്ഞനും എം.എല്‍.എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വിധത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് പാലോട് രവി ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നാണ് കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ എന്ന് ആര്‍.എസ്. രാജീവ് പരാതിയില്‍ പറഞ്ഞു.

വ്യാഴാഴ്ച നടന്ന സമാപന സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ചുപാടിയ പാലോട് രവിയെ ടി. സിദ്ധീഖ് എം.എല്‍.എ തടഞ്ഞിരുന്നു. എഴുന്നേറ്റോ എന്ന് പറഞ്ഞ് പാലോട് രവി ‘ജനഗന മംഗള ദായക ജയഹേ’ എന്ന് ദേശീയ ഗാനം പാടാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് എം.എല്‍.എ ടി. സിദ്ധീഖ് വന്ന് അദ്ദേഹത്തെ തടയുകയായിരുന്നു. തുടര്‍ന്ന് ദേശീയ ഗാനത്തിന്റെ സി.ഡി ഇടാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഉടന്‍ തന്നെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല മൈക്കിനരികിലെത്തി ദേശീയ ഗാനം പാടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിലവില്‍ ചര്‍ച്ചാ വിഷയമാണ്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്, ജിഗ്‌നേഷ് മേവാനി എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നേതാക്കളുടെ പ്രസംഗം അവസാനിക്കും മുമ്പ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് പോയതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നീരസം പ്രകടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആളില്ലെങ്കില്‍ പിന്നെ എന്തിനാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് പൊതുയോഗം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Content Highlight: BJP filed a complaint against Palode Ravi for singing the national anthem wrongly

We use cookies to give you the best possible experience. Learn more