| Wednesday, 27th March 2024, 8:16 am

കസ്റ്റഡിയിലിരുന്ന് ഭരിക്കുന്നത് അധികാര ദുര്‍വിനിയോഗം; കെജ്‌രിവാളിനെതിരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബി.ജെ.പി. കസ്റ്റഡിയിലിരുന്ന് സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നത് അധികാര ദുര്‍വിനിയോഗം ആണെന്ന് ബി.ജെ.പി പരാതിയില്‍ ആരോപിച്ചു.

കസ്റ്റഡിയിലിരുന്ന് ഇതിനോടകം രണ്ട് ഉത്തരവുകളാണ് കെജ്‌രിവാള്‍ പുറപ്പെടുവിച്ചത്. ജല വകുപ്പുമായി ബന്ധപ്പെട്ട ഒരു ഉത്തരവും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ഉത്തരവുമാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ഇത് വലിയ വിവാദമാക്കി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ പരാതിയുമായി ലഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ചത്.

ഇതിന്റെ നിയമ വശങ്ങളെ കുറിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ അന്വേഷിക്കുന്നതായാണ് വിവരം. അതിനിടെ, അറസ്റ്റ് ചോദ്യം തെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ദല്‍ഹി ഹൈക്കോടതി പരിഗണിക്കും. രാവിലെ 10 മണിയോടെയാണ് ഹരജി പരിഗണിക്കുക.

28ന് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഹരജി കോടതി പരിഗണിക്കുന്നത്. ഇ.ഡി കസ്റ്റഡി അവസാനിച്ചാല്‍ സി.ബി.ഐയും അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ വ്യാഴാഴ്ച മാത്രമേ കോടതി തീരുമാനം എടുക്കുകയുളള്ളൂ.

പ്രതിപക്ഷത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആരോപിച്ചത്. ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കില്‍ വ്യാഴാഴ്ച വിചാരണ കോടതി എന്ത് നടപടി സ്വീകരിക്കുമെന്നതിലാണ് കാര്യം.

നേരത്തെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിക്കുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനാണ് അഭിഭാഷകര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Content Highlight: BJP filed a complaint against Kejriwal to the Lt. Governor

We use cookies to give you the best possible experience. Learn more