മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതി നല്‍കി ബി.ജെ.പി. ബുധനാഴ്ച മുംബൈയില്‍ വെച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മമത ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിക്കുന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് പരാതി നല്‍കിയത്. ദേശീയഗാനം മുഴുവനും പാടി പൂര്‍ത്തിയാക്കിയില്ലെന്നതും ബി.ജെ.പി ചൂണ്ടിക്കാണിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ദേശീയഗാനത്തിന്റെ ഏതാനും വരികള്‍ പാടിയ മമത ജയ് മഹാരാഷ്ട്ര എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബംഗാള്‍ സംസ്‌കാരത്തേയും, ദേശീയ ഗാനത്തേയും, രവീന്ദ്ര നാഥ ടാഗോറിനേയും അപമാനിച്ചുവെന്ന് ബി.ജെ.പി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.
‘ദേശീയതയുടെ ഏറ്റവും ശക്തമായ ആവിഷ്‌കാരമാണ് ദേശീയഗാനം. ഏറ്റവും ചെറിയ സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ളവര്‍ക്ക് പോലും ദേശീയ ഗാനത്തെ അപമാനിക്കാനാവില്ല. ബംഗാള്‍ മുഖ്യമന്ത്രി പാടിയത് നമ്മുടെ ദേശീയഗാനത്തിന്റെ വികൃതമായ പതിപ്പാണ്. ഇന്ത്യയുടെ പ്രതിപക്ഷത്തിന് അഭിമാനവും രാജ്യസ്നേഹവും ഇല്ലേ?,’ ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
ബി.ജെ.പി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ഡോ. സുകാന്ത മജുംദാറും മമതയെ വിമര്‍ശിച്ച് രംഗത്തെത്തി. ‘ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ദേശീയ ഗാനത്തെ അപമാനിക്കുന്നു. അവര്‍ക്ക് ദേശീയഗാനത്തിന്റെ മര്യാദകള്‍ അറിയില്ലേ, അതോ അറിഞ്ഞുകൊണ്ട് അപമാനിക്കുകയാണോ?’ മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ല.