മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കാൻ ബി.ജെ.പി, മുങ്ങിയ കപ്പൽ ഉയർത്താനുള്ള ശ്രമമെന്ന് കോൺഗ്രസ്‌
national news
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കാൻ ബി.ജെ.പി, മുങ്ങിയ കപ്പൽ ഉയർത്താനുള്ള ശ്രമമെന്ന് കോൺഗ്രസ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2023, 3:09 pm

ഭോപ്പാൽ: മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഏഴ് ലോക്സഭാ എം.പിമാരെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബി.ജെ.പി. ആകെ 230 സീറ്റുകളിൽ 77ലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ഫാഗൻ സിങ് കുലസ്തേ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയ എന്നിവർ കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോൾ ദീർഘകാലം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായിട്ടുള്ള ചൗഹാന് മുഖ്യമന്ത്രി കസേരയിലേക്ക് കടുത്ത വെല്ലുവിളി ഉണ്ടാകും. രണ്ടാമത്തെ സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ പുതിയ നീക്കത്തിൽ ചൗഹാന് കടുത്ത എതിർപ്പുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

മൂന്ന് പട്ടികകളാണ് ഇതുവരെ പുറത്തുവന്നത്. അവസാനം പുറത്തുവന്ന പട്ടികയിൽ ഒരു സ്ഥാനാർത്ഥിയുടെ പേര് മാത്രമാണുള്ളത്.

കടുത്ത ഭരണവിരുദ്ധ വികാരം മഹാരാഷ്ട്രയിൽ നിലനിൽക്കുന്നതാണ് പ്രമുഖരെ മത്സരിപ്പിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. മധ്യപ്രദേശ് മുൻ എം.എൽ. എമാർകൂടിയാണ് തോമറും വിജയ് വാർഗിയയും.

അതേസമയം, ബി.ജെ.പി പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കമൽ നാഥ് പറഞ്ഞു.
‘18.5 വർഷത്തെ ബി.ജെ.പി സർക്കാരിന്റെയും 15 വർഷത്തെ ശിവരാജിന്റെ വികസനങ്ങളുടെ അവകാശവാദങ്ങളെയും നിഷേധിക്കുന്നതാണ് ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക. കോടിക്കണക്കിന് പ്രവർത്തകരുടെ പാർട്ടി എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ പരാജയം അടയാളപ്പെടുത്തുന്നതാണ് പട്ടിക,’ എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മുങ്ങുന്ന കപ്പലിനെ രക്ഷിക്കാൻ ബി.ജെ.പി കേന്ദ്ര നേതാക്കളെ ഇറക്കിയിരിക്കുകയാണെന്ന് കോൺഗ്രസ്‌ നേതാവ് രൺദീപ് സിങ് സുർജെവാല എക്‌സിൽ പറഞ്ഞു. താൻ തോൽക്കുമെന്ന് അറിയാവുന്ന ചൗഹാന് രാഷ്ട്രീയ എതിരാളികളായ വലിയ നേതാക്കന്മാരെ കൂടി താഴെയിറക്കണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018ൽ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ കോൺഗ്രസിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഒരുകൂട്ടം എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോയതോടെയാണ് ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയത്. എന്നാൽ ഭരണവിരുദ്ധ വികാരം മാറ്റിയെടുക്കാൻ ചൗഹാന് സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.

Content Highlight: BJP fields Union ministers in second list of candidates for Madhya Pradesh; BJP raising sunken ship says congress