| Sunday, 11th February 2018, 1:08 pm

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി അണിനിരത്തുന്നവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്‍മാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി ബി.ജെ.പി അണിനിരത്തിയവരില്‍ ഭൂരിഭാഗം പേരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍. കൂടാതെ, ഇവരില്‍ ഭൂരിഭാഗം പേരും കോടീശ്വരന്‍മാരുമാണ്. എന്നാല്‍ ഭരണകക്ഷിയായ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥികളില്‍ ഇത്തരത്തിലുള്ളവര്‍ വളരെ കുറവാണ്.

സ്ഥാനാര്‍ത്ഥികളില്‍ 7.45 ശതമാനം പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും 11 ശതമാനം പേര്‍ കോടീശ്വരന്‍മാരുമാണ്. തെരഞ്ഞെടുപ്പില്‍ ആകെ മത്സരിക്കുന്നത് 297 സ്ഥാനാര്‍ത്ഥികളാണ്. ഇവരില്‍ 22 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 35 പേരുടെ സമ്പാദ്യം ഒരു കോടിയിലും മുകളിലാണ്. ത്രിപുര ഇലക്ഷന്‍ വാച്ച് ഓഫ് ദി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


Also Read: ‘ഹേയ് പരീക്കര്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്’; പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് ഭയപ്പെടുത്തുന്നെന്ന പരമാര്‍ശത്തിനെതിരെ ബിയര്‍ കുടിക്കുന്ന ചിത്രങ്ങളുമായി പെണ്‍കുട്ടികള്‍


ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പാര്‍ട്ടി ബി.ജെ.പിയാണ്. 51 ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ 11 പേരാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. കോണ്‍ഗ്രസ് അണിനിരത്തിയ 59 സ്ഥാനാര്‍ത്ഥികളില്‍ നാലുപേര്‍ മാത്രമാണ് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍. ഭരണകക്ഷിയായ സി.പി.ഐ.എമ്മിന്റെ 57 സ്ഥാനാര്‍ത്ഥികളില്‍ രണ്ടുപേര്‍ മാത്രമാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ഐ.പി.എഫ്.ടിയുടെ 9 സ്ഥാനാര്‍ത്ഥികളില്‍ രണ്ടുപേരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 24 സ്ഥാനാര്‍ത്ഥികളില്‍ ഒരാളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.


Don”t Miss: ബി.ജെ.പി നേതാക്കളാല്‍ അപമാനിക്കപ്പെട്ട രേണുക ചൗധരിയെ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധി; പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്


കോടീശ്വരന്‍മാരായ 35 സ്ഥാനാര്‍ത്ഥികളില്‍ 18 പേരും ബി.ജെ.പിക്കാരാണ്. ഒന്‍പതുപേര്‍ കോണ്‍ഗ്രസില്‍ നിന്നും, നാലുപേര്‍ സി.പി.ഐ.എമ്മില്‍ നിന്നും, രണ്ടുപേര്‍ ഐ.എന്‍.പി.ടിയില്‍ നിന്നും, ഐ.പി.എഫ്.ടിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഓരോരുത്തരുമാണ് കോടീശ്വരന്‍മാര്‍. ഏകദേശം 78 ശതമാനം സ്ഥാനാര്‍ത്ഥികളും തങ്ങളുടെ ആദായനികുതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജിതേന്ദ്ര മജുംദറാണ് സ്ഥാനാര്‍ത്ഥികള്‍ക്കിടയിലെ ഏറ്റവും വലിയ സമ്പന്നന്‍.

60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 18-ാം തിയ്യതിയാണ് നടക്കുക.

We use cookies to give you the best possible experience. Learn more