ബെംഗളൂരു: സുപ്രീം കോടതി അയോഗ്യത ശരിവെച്ച 13 എം.എല്‍.എമാര്‍ക്ക് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളില്‍ ടിക്കറ്റ് നല്‍കി ബി.ജെ.പി പാര്‍ട്ടിയില്‍ ചേര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് എം.എല്‍.എമാര്‍ക്ക് ടിക്കറ്റ് നല്‍കിയത്.
വോട്ടെടുപ്പ് നടത്തുന്ന മറ്റ് രണ്ട് നിയോജകമണ്ഡലങ്ങളായ ശിവാജിനഗര്‍, റാണിബെന്നൂര്‍ എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം അയോഗ്യനാക്കപ്പെട്ട ശിവാജിനഗറില്‍ നിന്നുള്ള എം.എല്‍.എ ആര്‍. റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നില്ല. അയോഗ്യനാക്കപ്പെട്ട റാണിബെന്നൂരില്‍ നിന്നുള്ള എം.എല്‍.എ ആര്‍. ശങ്കറിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചിട്ടില്ല.
പാര്‍ട്ടിയില്‍ ചേര്‍ന്ന അയോഗ്യത നേരിടുന്ന മുന്‍ എം.എല്‍.എമാര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് യെദിയൂരപ്പ ഉറപ്പ് നല്‍കി.
ഇവര്‍ ഭാവി എം.എല്‍.എമാരും ഭാവി മന്ത്രിമാരുമാണെന്നായിരുന്നു യെദിയൂരപ്പ പറഞ്ഞത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് നിങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം മുന്‍ എം.എല്‍.എമാര്‍ക്ക് ഉറപ്പ് നല്‍കി.
എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും അവരുടെ താല്‍പ്പര്യങ്ങളും വ്യത്യാസങ്ങളും മാറ്റിവച്ച് ഈ നേതാക്കളുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു.
ഇവരുടെ അസാധാരണമായ ത്യാഗം മൂലമാണ് സംസ്ഥാനത്ത് ഒരു ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇന്ന് താന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അത് നിങ്ങള്‍ ഓര്‍ക്കണം. ഓരോ നേതാക്കളുടേയും വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നായിരുന്നു യെദിയൂരപ്പ പറഞ്ഞത്.
ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ പത്തരയോടെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം.