ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നീക്കവുമായി ബി.ജെ.പി. ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്ക് പകരം അവരുടെ ഭാര്യമാരെ കളത്തിലിറക്കിയാണ് ബി.ജെ.പി പുതിയ തന്ത്രങ്ങള്‍ പയറ്റുന്നത്.
ക്രിമിനല്‍ കുറ്റകൃത്യം ചുമത്തപ്പെട്ട സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നതിനെ ബി.ജെ.പി നിശിതമായി വിമര്‍ശിച്ചിരുന്നു. ക്രിമിനലുകളാണ് എസ്.പിക്ക് വേണ്ടി മത്സരിക്കുന്നതെന്നായിരുന്നു യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍, അതില്‍ നിന്നും മാറിയാണ് ശിക്ഷിക്കപ്പെട്ട രണ്ട് നേതാക്കള്‍ക്ക് പകരം അവരുടെ ഭാര്യമാരെ ബി.ജെ.പി മത്സരിപ്പിക്കാനൊരുങ്ങുന്നത്.
ബി.ജെ.പി നേതാക്കളായ സഞ്ജീവ് രാജയുടെ ഭാര്യയായ മുക്ത രാജയെയും ഖാബു തിവാരിയുടെ ഭാര്യ ആരതിയെയുമാണ് ബി.ജെ.പി മത്സരരംഗത്തിറക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ച ജയിച്ച മണ്ഡലത്തിലാണ് ഇവരുടെ ഭാര്യമാരെ പരിഗണിച്ചിരിക്കുന്നത്.
മുക്ത രാജ അലിഗഢ് സിറ്റി മണ്ഡലത്തില്‍ നിന്നും ആരതി അയോധ്യയിലെ ഗോസായിഗഞ്ജ് മണ്ഡലത്തില്‍നിന്നുമാണ് മത്സരിക്കുന്നത്.
പൊലീസുകാരനെ ആക്രമിച്ച കേസില്‍ സഞ്ജയ് രാജയെ കോടതി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഖാബു തിവാരിയെ ഫൈസബാദ് കോടതി ശിക്ഷിച്ചിരുന്നത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്.
എന്നാല്‍, മറ്റു പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയത് എന്നായിരുന്നു ബി.ജെ.പി അയോധ്യാ ജില്ലാ അധ്യക്ഷനായ സഞ്ജീവ് സിംഗ് പറഞ്ഞത്.
എന്ത് വിലകൊടുത്തും ഉത്തര്‍പ്രദേശില്‍ ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കോടികളുടെ പദ്ധതികളായിരുന്നു കേന്ദ്രം യു.പിയില്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ വികസനത്തേക്കാളുപരി ഹിന്ദുത്വവാദവും രാമക്ഷേത്രവും തന്നെയാണ് ബി.ജെ.പി ഇത്തവണയും പയറ്റുന്നത് എന്നതാണ് വ്യക്തമാകുന്നത്. കാശിക്ഷേത്രവും മഥുരയും എല്ലാം തന്നെ ബി.ജെ.പിയുടെ പ്രചരണ വിഷയങ്ങളായി മാറുന്നുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഖിലേഷ് യാദവ് തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് എസ്.പി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
സമാജ്‌വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ കര്‍ഹാലില്‍ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.
സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.
സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.
403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Content highlight: BJP fielded the wives of two convicted criminals in the Uttar Pradesh Assembly polls.