ദാരിദ്ര്യവും തൊഴിലില്ലായ്മയും; വാരണാസിയിലെ മോദിയുടെ ഭൂരിപക്ഷം ഇടിയും; ആശങ്കയിൽ ബി.ജെ.പി
India
ദാരിദ്ര്യവും തൊഴിലില്ലായ്മയും; വാരണാസിയിലെ മോദിയുടെ ഭൂരിപക്ഷം ഇടിയും; ആശങ്കയിൽ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2024, 10:07 am

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും മത്സരിക്കുന്ന വാരാണസിയിലെ ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയിൽ ബി.ജെ.പി നേതൃത്വം. പ്രചരണാഘോഷങ്ങൾ വൻ തോതിൽ നടത്തിയിരുന്നെങ്കിലും ഭൂരിപക്ഷം വലിയതോതിൽ കുറയുമെന്ന ആശങ്കയിലാണ് നേതൃത്വം.

2019 ൽ 4 .79 ലക്ഷമായിരുന്നു മോദിയുടെ ഭൂരിപക്ഷം. ഇത്തവണ അത് അഞ്ച് ലക്ഷത്തിൽ കൂടുതലായി ഉയർത്തുമെന്ന വാദത്തോടെയായിരുന്നു വൻ തോതിൽ പ്രചരണങ്ങൾ നടത്തിയത്.

മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും വലിയൊരു സന്നാഹം തന്നെ വാരണാസിയിൽ പ്രചരണത്തിനിറങ്ങിയിരുന്നു. മോദിക്ക് മികച്ച വിജയം നേടിക്കൊടുക്കാൻ അമിത് ഷാ ഉൾപ്പെടുന്ന മുതിർന്ന മന്ത്രിമാരുടെ സംഘം ദിവസങ്ങളോളം വാരണാസിയിൽ പ്രചരണം നടത്തിയിരുന്നു.

കാശിയിലെ രണ്ടായിരത്തിലധികം പ്രമുഖർക്കും 90000ത്തിൽ അധികം കന്നി വോട്ടർമാർക്കും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള മോദിയുടെ മെയിലുകൾ വരെ പ്രചരണത്തിന്റെ ഭാഗമായുണ്ടായിരുന്നു. കന്നി വോട്ടർമാരെ ആകർഷിക്കാൻ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബെൻസാലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.

എന്നാൽ ശനിയാഴ്ച്ച വാരണാസിയിലെ വോട്ടർമാർ ബൂത്തിലേക്ക് നീങ്ങവെ തങ്ങളുടെ ലക്ഷ്യം ഉറപ്പിക്കാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി.

വാരണാസിയിൽ അഭ്യസ്തവിദ്യരിലെ തൊഴിലില്ലായ്മ വലിയ തോതിൽ ചർച്ചാവിഷയമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതോടൊപ്പം ദാരിദ്ര്യവും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്.

വോട്ടർമാരിലെ 20 ശതമാനമോ അതിൽ കൂടുതലോ ഉള്ള നെയ്ത്തുകാരുടെ ജീവിതവും ദുരിതത്തിലാണ്. ടെക്‌സ്റ്റൈൽ മേഖലയിലെ പ്രധാന കരാറുകളെല്ലാം തന്നെ ഗുജറാത്തിൽ നിന്നുള്ള കമ്പനികൾക്കാണ് ലഭിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. നോട്ടുനിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഇപ്പോഴും അറുതി വന്നിട്ടില്ല എന്നതും ബി.ജെ.പിയെ അലട്ടുന്ന മറ്റൊരു വിഷയമാണ്.

ഇന്ത്യാ മുന്നണിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യം കൂടുന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. 2019ൽ എസ്.പി സ്ഥാനാർത്ഥി ശാലിനി യാദവ് 1.95 ലക്ഷവും കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായി 1.52 ലക്ഷവും വോട്ട് പിടിച്ചിരുന്നു.

ഇത്തവണ മുൻ എം.എൽ.എ ആയ അജയ് റായ് വീണ്ടും മത്സരിക്കുമ്പോൾ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുവാൻ ഇന്ത്യാ മുന്നണി നന്നായി ശ്രമിച്ചിട്ടുണ്ട്.

 

Content Highlight: BJP fears that Modi’s majority will decrease in Varanasi