| Friday, 9th December 2022, 11:57 pm

Himachal Election | ആപ്പിള്‍ കര്‍ഷക സമരത്തില്‍ ഞെട്ടറ്റുവീണ ബി.ജെ.പി | D Nation

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലമുകളിലെ വോട്ടെണ്ണൽ കഴിയുമ്പോൾ 40 സീറ്റിൽ ജയിച്ചാണ് കോൺഗ്രസ് ഹിമാചൽ തിരിച്ചുപിടിച്ചത്. ബി.ജെ.പി കോട്ടകളിൽ പോലും കരുത്തുകാട്ടിയായിരുന്നു കോൺഗ്രസിന്റെ ഐതിഹാസിക വിജയം.

സമീപകാല ചരിത്രത്തെയും രാഷ്ട്രീയ ഗതിമാറ്റങ്ങളെയുമെല്ലാം പാഴ്വാക്കാക്കിക്കൊണ്ട് ബി.ജെ.പിയെ അട്ടിമറിച്ചാണ് കോൺഗ്രസ് ഹിമാചലിൽ അധികാരത്തിലേറുന്നത് എന്ന പ്രത്യേകതയുമുണ്ട് മത്സരഫലത്തിന്. രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണവും കോൺഗ്രസിന് വിജയ ഘടകമായി മാറി.

ഗുജറാത്തിൽ കനത്ത തിരിച്ചടിയുണ്ടായെങ്കിലും ഹിമാചൽ കോൺഗ്രസിന് കുളിർമയാണ് സമ്മാനിച്ചത്. 2017ലെ തെരഞ്ഞെടുപ്പിൽ 44 സീറ്റുകളുമായി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ബി.ജെ.പിയാണെങ്കിൽ ഇത്തവണ വെറും 26 സീറ്റിലേക്ക് ഒതുങ്ങി നിരാശയോടെയാണ് മലയിറങ്ങുന്നത്.

കഴിഞ്ഞ കാലം വരെ കേരളത്തിലുണ്ടായിരുന്ന ട്രെൻഡ് പോലെ പാർട്ടികൾ മാറി മാറി ഭരിക്കുന്ന അവസ്ഥയാണ് ഹിമാചലിലുമുണ്ടായിരുന്നത്. കഴിഞ്ഞ 37 വർഷം ഹിമാചൽ ജനത സിറ്റിങ് ഗവൺമെന്റിനെ വിജയിപ്പിച്ചിട്ടില്ല. അത് ഇത്തവണയും സംസ്ഥാനത്ത് പ്രതിഫലിച്ചുവെന്ന് വേണം പറയാൻ.

പക്ഷേ, മാറി മാറി വന്ന ഇലക്ഷൻ ട്രെൻഡുകൾ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രചാരണത്തിന് വന്നിട്ടും പാർട്ടി ദേശീയ അധ്യക്ഷന്റെ ജന്മനാടായ ഹിമാചലിൽ ഭരണ പാർട്ടിയായ ബി.ജെ.പിയുടെ പരാജയത്തിന് മുഖ്യ കാരണമായി പറയാൻ കഴിയുന്നത്.

കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങി കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാർന്ന വിജയം. ഒ.ബി.സി വോട്ടുകൾ നിർണായകമായ 15 സീറ്റുകളുള്ള കാംഗ്രയിൽ 10  സീറ്റുകളിലാണ് കോൺഗ്രസ് ആധിപത്യം നേടിയത്.

അതിൽ പ്രധാന കാരണമായി വിലയിരുത്താൻ കഴിയുന്നത് സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള ആപ്പിൾ കർഷകരുടെ പ്രതിഷേധമാണ്.

വിലക്കയറ്റവും ഉത്പാദന ചെലവും ചൂണ്ടിക്കാട്ടി 17 കർഷക സംഘടനകൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ മൂന്ന് വർഷമായി തെരുവിൽ സമരത്തിലാണ്.

ഹിമാചലിലെ പ്രതിവർഷ ആപ്പിൾ വിപണി 5000 കോടി രൂപയുടേതാണ്. അതായത് സംസ്ഥാന ജി.ഡി.പിയുടെ പതിമൂന്നര ശതമാനം വരും ആപ്പിൾ വിപണിയുടെ പങ്ക്. ചെറുകിട കർഷകർക്ക് വരെ ആപ്പിൾ വിളവെടുത്ത് കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനത്തോളം നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.

സംസ്ഥാനത്ത് ആപ്പിളിന്റെ താങ്ങുവില ഉയർത്താത്തതും, പാക്കിങ് സാമഗ്രിഹികൾക്കും കീടനാശിനികൾക്കും കുത്തനെ വില ഉയർന്നതുമാണ് കർഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ആപ്പിൾ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താത്തതും കർഷകരെ പ്രതിസന്ധിയിലാക്കി. വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളാണ് വലിയ തോതിലുള്ള ആപ്പിൾ ഇറക്കുമതിക്ക് വഴിയൊരുക്കിയത്.

ഷിംല, കുളു, കിന്നൗർ ജില്ലകളിലാണ് സംസ്ഥാനത്തെ ആപ്പിൾ കൃഷിയുടെ ഭൂരിഭാഗവും. മൂന്ന് ജില്ലകളിലും കോൺഗ്രസിന് നിർണായക സ്വാധീനമാണുണ്ടായിരുന്നത്. ഇത് സംസ്ഥാനത്താകെയുള്ള വോട്ടെടുപ്പിലും പ്രതിഫലിച്ചതോടെ കോൺഗ്രസിന് സംസ്ഥാനത്ത് വലിയ മുന്നേറ്റത്തിനാണ് കാരണമായി.

1990ൽ സംസ്ഥാന സർക്കാരിനെ മറിച്ചിട്ട ചരിത്രവുമുണ്ട് ഹിമാചലിലെ ആപ്പിൾ കർഷകർക്ക്. അന്നുണ്ടായ കർഷക പ്രക്ഷോഭത്തിനെതിരെ പൊലീസ് വെടിയുതിർത്തപ്പോൾ മൂന്ന് കർഷകർ കൊല്ലപ്പെട്ടിരുന്നു. അതിനെതുടർന്ന് 1993ൽ ബി.ജെ.പിയുടെ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ ശാന്തകുമാറിന് രാജിവെച്ച് പുറത്തുപോകേണ്ടി വന്നു. മുപ്പത് വർഷത്തിനിപ്പുറം കർഷക പോരാട്ടത്തിന്റെ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്.

ഹിമാചലിൽ ആകെ വോട്ടിന്റെ അഞ്ച് ശതമാനം വരുന്ന രണ്ട് ലക്ഷത്തോളമുള്ള വരുന്ന സർക്കാർ ജീവനക്കാരും പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ആവശ്യവുമായി വളരെക്കാലമായി സമരത്തിലായിരുന്നു. കോൺഗ്രസും ആം ആദ്മിയും പഴയ പെൻഷൻ സംവിധാനം തിരികെ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതും കോൺഗ്രസിന് ഹിമാചലിൽ നേട്ടമായെന്ന് വേണം മനസിലാക്കാൻ.

അതേസമയം, കോൺഗ്രസ് തിളക്കാമർന്ന വിജയം നേടിയതോടെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോരും മുറുകുകയാണ്. മുഖ്യമന്ത്രിയാകാൻ താനാണ് യോഗ്യയെന്ന് പ്രതിഭാ സിങ് പറയുന്നത്.

കോൺഗ്രസ് നേതാവും മുൻ ഹിമാചൽ മുഖ്യമന്ത്രിയും ആയിരുന്ന വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭാ സിങ്. ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് വീരഭദ്ര സിങ്. തന്റെ ഭർത്താവായിരുന്ന വീരഭദ്ര സിങ്ങിന്റെ ഓർമകൾക്ക് കൂടിയാണ് ഹിമാചൽ പ്രദേശിലെ ജനങ്ങൾ വോട്ട് ചെയ്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിഭാ സിങ്ങിന്റെ പ്രതികരണം.

എന്നാൽ, മുഖ്യമന്ത്രി ആരെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് എ.ഐ.സി.സി നേതൃത്വം പറയുന്നത്.

Content Highlight: BJP fall in Gujarat by apple farmers strike; History repeats itself after 30 years

ഡൂള്‍ന്യൂസ് ഡെസ്‌ക്