|

ആപ്പിള്‍ കര്‍ഷക സമരത്തില്‍ ഞെട്ടറ്റുവീണ ബി.ജെ.പി; 30 വര്‍ഷത്തിനിപ്പുറം ചരിത്രം ആവര്‍ത്തിക്കുമ്പോള്‍

വിഷ്ണു. പി.എസ്‌

ഷിംല: മലമുകളിലെ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ 39 സീറ്റിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്.

68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചലില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം 35 ഇടത്തെ വിജയമാണ്. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിക്കും.

സമീപകാല ചരിത്രത്തെ പാഴ്‌വാക്കാക്കിക്കൊണ്ട് ബി.ജെ.പിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് ഹിമാചലില്‍ അധികാരത്തിലേറുന്നത് എന്ന പ്രത്യേകതയുമുണ്ട് മത്സരഫലത്തിന്. ഗുജറാത്തില്‍ കനത്ത തിരിച്ചടിയുണ്ടായെങ്കിലും ഹിമാചല്‍ കോണ്‍ഗ്രസിന് കുളിര്‍മയാണ് സമ്മാനിച്ചത്.

2017ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളുമായി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ബി.ജെ.പി ഇത്തവണ നിരാശയോടെയാണ് മലയിറങ്ങുന്നത്.

കഴിഞ്ഞ കാലം വരെ കേരളത്തിലുണ്ടായിരുന്ന ട്രെന്‍ഡ് പോലെ പാര്‍ട്ടികള്‍ മാറി മാറി ഭരിക്കുന്ന അവസ്ഥയാണ് ഹിമാചലിലുമുണ്ടായിരുന്നത്. കഴിഞ്ഞ 37 വര്‍ഷം ഹിമാചല്‍ ജനത സിറ്റിങ് ഗവണ്‍മെന്റിനെ വിജയിപ്പിച്ചിട്ടില്ല. അത് ഇത്തവണയും സംസ്ഥാനത്ത് പ്രതിഫലിച്ചുവെന്ന് വേണം പറയാന്‍.

പക്ഷേ, മാറി മാറി വന്ന ഇലക്ഷന്‍ ട്രെന്‍ഡുകള്‍ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രചാരണത്തിന് വന്നിട്ടും ഭരണ പാര്‍ട്ടിയായ ബി.ജെ.പിയുടെ പരാജയത്തിന് മുഖ്യ കാരണമായി പറയാന്‍ കഴിയുന്നത്.

കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. അതില്‍ പ്രധാന കാരണമായി വിലയിരുത്താന്‍ കഴിയുന്നത് സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള ആപ്പിള്‍ കര്‍ഷകരുടെ പ്രതിഷേധമാണ്.

വിലക്കയറ്റവും ഉത്പാദന ചെലവും ചൂണ്ടിക്കാട്ടി 17 കര്‍ഷക സംഘടനകള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ മൂന്ന് വര്‍ഷമായി തെരുവില്‍ സമരത്തിലാണ്.

ഹിമാചലിലെ പ്രതിവര്‍ഷ ആപ്പിള്‍ വിപണി 5000 കോടി രൂപയുടേതാണ്. അതായത് സംസ്ഥാന ജി.ഡി.പിയുടെ പതിമൂന്നര ശതമാനം വരും ആപ്പിള്‍ വിപണിയുടെ പങ്ക്. ചെറുകിട കര്‍ഷകര്‍ക്ക് വരെ ആപ്പിള്‍ വിളവെടുത്ത് കഴിഞ്ഞപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തോളം നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.

സംസ്ഥാനത്ത് ആപ്പിളിന്റെ താങ്ങുവില ഉയര്‍ത്താത്തതും, പാക്കിങ് സാമഗ്രിഹികള്‍ക്കും കീടനാശിനികള്‍ക്കും കുത്തനെ വില ഉയര്‍ന്നതുമാണ് കര്‍ഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ആപ്പിള്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളാണ് വലിയ തോതിലുള്ള ആപ്പിള്‍ ഇറക്കുമതിക്ക് വഴിയൊരുക്കിയത്.

ഷിംല, കുളു, കിന്നൗര്‍ ജില്ലകളിലാണ് സംസ്ഥാനത്തെ ആപ്പിള്‍ കൃഷിയുടെ ഭൂരിഭാഗവും. മൂന്ന് ജില്ലകളിലും കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമാണുണ്ടായിരുന്നത്. ഇത് കോണ്‍ഗ്രസിന് സംസ്ഥാനത്ത് വലിയ മുന്നേറ്റത്തിന് കാരണമായി.

ഹിമാചലില്‍ ആകെ വോട്ടിന്റെ അഞ്ച് ശതമാനം വരുന്ന രണ്ട് ലക്ഷത്തോളമുള്ള വരുന്ന സര്‍ക്കാര്‍ ജീവനക്കാരും പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ആവശ്യവുമായി വളരെക്കാലമായി സമരത്തിലായിരുന്നു. കോണ്‍ഗ്രസും ആം ആദ്മിയും പഴയ പെന്‍ഷന്‍ സംവിധാനം തിരികെ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് കോണ്‍ഗ്രസിന് നേട്ടമായെന്ന് വേണം വിലയിരുത്താന്‍.

ഭരണരംഗത്തുള്ള അഴിമതികളും, വികസന രംഗത്തെ പോരായ്മകളുമെല്ലാം ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വിള്ളലാണുണ്ടാക്കിയത്.

1990ല്‍ സംസ്ഥാന സര്‍ക്കാരിനെ മറിച്ചിട്ട ചരിത്രവുമുണ്ട് ഹിമാചലിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക്. അന്നുണ്ടായ കര്‍ഷക പ്രക്ഷോഭത്തിനെതിരെ പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ മൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. അതിനെതുടര്‍ന്ന് 1993ല്‍ ബി.ജെ.പിയുടെ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ ശാന്തകുമാറിന് രാജിവെച്ച് പുറത്തുപോകേണ്ടി വന്നു. മുപ്പത് വര്‍ഷത്തിനിപ്പുറം കര്‍ഷക പോരാട്ടത്തിന്റെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്.

Content Highlight: BJP fall in Gujarat by apple farmers strike; History repeats itself after 30 years

വിഷ്ണു. പി.എസ്‌

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.