| Monday, 7th August 2017, 7:49 am

'കുറ്റം നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതുമാത്രമാക്കി' ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാക്കളില്‍ നിന്നും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരെ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നരീതിയില്‍ കേസ് ചുരുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.

യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഞ്ചാംപരുത്തി എരാശ്ശേരി രാജീവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് രാജീവിന്റെ സഹോദരന്‍ രാഗേഷ്, ഇവരുടെ പിതാവ് ഹര്‍ഷന്‍, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവില്‍ നവീന്‍, രാജീവിനെ തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച അലക്‌സ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.


Must Read: സി.ഐ. അല്ല ഡി.ജി.പി വന്നാലും ഞങ്ങളെ പിടിക്കാന്‍ പറ്റില്ല; ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ കയറിയ കള്ളന്മാരുടെ വെല്ലുവിളി


കള്ളനോട്ടടി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമൊന്നും തന്നെ ചുമത്തിയിട്ടില്ല. ഇത്ര ഗൗരവമായ സംഭവമായിരുന്നിട്ടുകൂടി കേന്ദ്ര ഏജന്‍സികള്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.

കേസുമായി ബി.ജെ.പിയിലെ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും മറ്റും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമേ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും കാര്യമായ രീതിയില്‍ അന്വേഷണമൊന്നും നടക്കുന്നില്ല. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇദ്ദേഹവും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സി.ഐമാരില്‍ ഒരാളും ദിവസങ്ങളായി വകുപ്പുതല കോഴ്‌സുകളിലായിരുന്നു.

സംഘത്തില്‍ അംഗമായ തൃശൂര്‍ ക്രൈംബ്രാഞ്ച് സി.ഐക്ക് കൊല്ലങ്കോട് സി.ഐ ആയി സ്ഥലംമാറ്റംകിട്ടുകയും ചെയ്തു.

പ്രധാന പ്രതികളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത കള്ളനോട്ടുകളും യന്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിയിലാണ് ക്രൈംബ്രാഞ്ച് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more