ബി.ജെ.പി നിലംതൊടാതെ പോയത് നാലിടങ്ങളില്‍; കോണ്‍ഗ്രസിനെ പൂര്‍ണമായും കൈവിട്ടത് 17 ഇടങ്ങള്‍
ന്യൂദല്‍ഹി: 2014ലേതിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബി.ജെ.പിയെ പൂര്‍ണമായും കൈവിട്ട് മൂന്ന് സംസ്ഥാനങ്ങള്‍. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയെ കൂടാതെ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനാകാതെ പോയത്.
കേരളത്തില്‍ 20 സീറ്റുകളില്‍ 19ഉം യു.ഡി.എഫ് നേടിയപ്പോള്‍ ആലപ്പുഴയില്‍ എല്‍.ഡി.എഫ് വിജയിച്ചു. കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ബി.ജെ.പി ജയിക്കുമെന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ ഐക്യകണ്‌ഠേന പ്രവചിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിക്ക് സാധ്യത കല്‍പ്പിച്ച തിരുവനന്തപുരത്ത് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ വിജയിച്ചത്.
തമിഴ്‌നാടില്‍ ഡി.എം.കെ സഖ്യം ബി.ജെ.പിയെ അകറ്റി നിര്‍ത്തുന്നതില്‍ നിര്‍ണായകമായി. ബി.ജെ.പി വിരുദ്ധ വികാരം ശക്തമായ സംസ്ഥാനത്ത്, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നത് എ.ഐ.എ.ഡി.എം.കെയ്ക്കും കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ആന്ധ്രയില്‍ ജഗമോഹന്‍ റെഡ്ഡിയുടെ വെ.എസ്.ആര്‍.കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാനതകളില്ലാത്ത വിജയം കൈവരിച്ചു.
അതേസമയം കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയത് 17 ഇടങ്ങളിലാണ്. ലക്ഷദ്വീപ്, ദല്‍ഹി, ചണ്ഡീഗഡ്, ദാദര്‍ നഗര്‍ ഹവേലി, ദാമന്‍ ദിയു, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറാം, ഒഡീഷ, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, എന്നിവടങ്ങളില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല.
ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ പോയതും ബി.ജെ.പിക്ക് നേട്ടമായി